വനിതകൾക്ക് പ്രതിമാസം ആയിരം രൂപ
സ്‌ത്രീസുരക്ഷാനയത്തിൽ വിട്ടുവീഴ്‌ചയില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം
സ്‌ത്രീസുരക്ഷ പ്രകടനപത്രികയിലെ വാഗ്‌ദാനം മാത്രമല്ല, സർക്കാരിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നയംകൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലിയ മാറ്റത്തിന്റെ ചാലകശക്തിയായി സ്‌ത്രീ സുരക്ഷാപദ്ധതി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയിൻകീഴിൽ സ്‌ത്രീസുരക്ഷാ പദ്ധതി ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇൗ നാട് നിങ്ങൾക്കൊപ്പമുണ്ട് എന്ന സാമൂഹ്യമായ ഉറപ്പാണ് സ്‌ത്രീസുരക്ഷാ പദ്ധതിയിലൂടെ സർക്കാർ സഹോദരിമാർക്ക് നൽകുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ 45 രൂപയിൽ തുടങ്ങിയത് 2000 രൂപയായി. അത് വീഴ്‌ചയില്ലാതെ നൽകുന്നു. തുടക്കമെന്ന നിലയിലാണ് സ്‌ത്രീസുരക്ഷാ പദ്ധതിയിൽ 1000 രൂപ പ്രഖ്യാപിച്ചത്.

സ്‌ത്രീസുരക്ഷിതത്വവും സ്വാശ്രയത്വവും ഉറപ്പുവരുത്താൻ ആവിഷ്‌കരിച്ച പദ്ധതിയാണിത്. ലിംഗനീതിയിൽ അധിഷ്‌ഠിതമായ നവകേരളത്തിലേക്കുള്ള യാത്രയിലെ പ്രധാന നാഴികക്കല്ലാണിത്. ഒരുസമൂഹം എത്രത്തോളം പുരോഗതിപ്രാപിച്ചുവെന്ന് അളക്കുന്നത് സ്‌ത്രീകൾ എത്രത്തോളം സുരക്ഷിതരും സ്വതന്ത്രരുമാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. അവർക്ക് ഭയരഹിതമായി ജീവിക്കാനും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും കഴിയണം. അത്തരമൊരു സമൂഹത്തെയാണ് വികസിതസമൂഹം എന്ന് വിളിക്കാനാവുക. ആ ലക്ഷ്യത്തിലേക്കാണ് നമ്മുടെ നാട് നീങ്ങുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ജീവിതത്തിന്റെ പ്രത്യേകഘട്ടത്തിൽ താങ്ങുംതണലും നഷ്ടപ്പെട്ട സഹോദരിമാർക്കും മാന്യമായി ജീവിക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം. കുടുംബത്തിനും നാടിനുമായി ജീവിതം ഉഴിഞ്ഞുവച്ച സഹോദരിമാരുടെ കഠിനാധ്വാനമാണ് നാടിന്റെ വികസനത്തിന് ആധാരം. സ്‌ത്രീകളുടെ ആത്മവിശ്വാസം വർധിക്കുമ്പോൾ കുടുംബത്തിന്റെ ആത്മവിശ്വാസവും അതുവഴി നാടിന്റെ ആത്മവിശ്വാസവും വർധിക്കും.
യുവജനങ്ങൾക്കായി നൈപുണ്യപരിശീലന പദ്ധതിയും സർക്കാർ ആരംഭിച്ചു. പുതിയ വഴികളിലൂടെയാണ് നാം നടക്കുന്നത്. ഇതൊക്കെ തെറ്റാണ്, ചെയ്യാൻ പാടില്ലാത്തതാണ് എന്നുപറയുന്ന സാമ്പത്തിക ശാസ്‌ത്രജ്ഞരുണ്ട്. അവരോടൊപ്പമല്ല സർക്കാർ. നാടിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും സ്വാദ് എല്ലാവർക്കും എല്ലാ പ്രദേശത്തിനും അനുഭവിക്കാനാകണം.
കേരളത്തിൽ പ്രൈമറിതലം മുതൽ ഡിഗ്രിവരെ പഠനം സൗജന്യമാണ്. പാവപ്പെട്ട കുട്ടികൾക്കും അവർ ആഗ്രഹിക്കുംവരെ പഠിക്കാൻ അവസരമുണ്ട്. ഇത് നമ്മുടെ നാട്ടിൽമാത്രം കാണാൻ കഴിയുന്നതാണ്. സ്‌കൂളിന്റെ പടികാണാത്ത കുട്ടികളുടെ എണ്ണം രാജ്യത്ത് കോടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.











0 comments