ad
Deshabhimani

വനിതാ നയമായി ; ലിംഗനീതി ഉറപ്പാക്കും

Women pension.jpg
വെബ് ഡെസ്ക്

Published on Feb 12, 2026, 02:30 AM | 1 min read


തിരുവനന്തപുരം

നവകേരളം സ്ത്രീപക്ഷ കേരളമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ വനിതാ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2009ലെ വനിതാനയം പരിഷ്‌കരിച്ചാണ് വനിതാനയം 2026 പുറത്തിറക്കിയത്. സ്ത്രീസുരക്ഷ, തൊഴില്‍ അവകാശം, നിയമം, ഗോത്രസമൂഹം, തീരദേശം എന്നിങ്ങനെ പല മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. നയത്തിന്റെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി ജെന്‍ഡര്‍ സ്റ്റേറ്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. എല്ലാ വകുപ്പിലും ഒരു ഉദ്യോഗസ്ഥനെ 'ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍' ആക്കും. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം വനിത, ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 11 പേരടങ്ങുന്ന ജെന്‍ഡര്‍ കൗണ്‍സിലാണ് വനിതാ നയത്തിന്റെ കരട് രൂപീകരിച്ചത്.


പ്രധാന ലക്ഷ്യം

• ജാതി,- മത, ലിംഗ ഭേദമന്യേ സ്ത്രീകള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കും

• ഭരണ-നിയമ നിര്‍മാണ സഭയിലും തീരുമാനം എടുക്കുന്ന ഉന്നത സമിതിയിലും സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം ഉറപ്പാക്കും

• തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ലിംഗനീതി നടപ്പിലാക്കും

• വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക ജെന്‍ഡര്‍ പ്രോട്ടോക്കോള്‍ രൂപീകരിക്കും

• ലിംഗ സമത്വം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും

• സ്‌കൂളിലും കോളേജിലുമുള്ള പഠനാന്തരീക്ഷം ജെന്‍ഡര്‍ സൗഹൃദമാക്കും

• സൈബര്‍ ഇടങ്ങളിലെ സ്ത്രീവിരുദ്ധത തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും

• സിനിമ, മാധ്യമ മേഖലകളില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കും

• സ്ത്രീധന സമ്പ്രദായം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യും

• കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്ക് വീണ്ടും തൊഴില്‍അവസരങ്ങള്‍ ഒരുക്കും

• പ്രാഥമിക ആരോഗ്യ കേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ സ്ത്രീ സൗഹൃദമാക്കും

• ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലെ ഭാഷാപ്രയോഗം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നടപ്പാക്കും

• നിയമങ്ങളെല്ലാം ഘട്ടംഘട്ടമായി ജെന്‍ഡര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കും




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home