ad
Deshabhimani

അൻസിബയുടെ മൊഴി രേഖപ്പെടുത്തുന്നത്‌ വൈകും; പൊലീസ് സ്‌റ്റേഷനിൽ എത്തിയിട്ടും ആരും വന്നില്ലെന്ന് താരം

ansiba hasan

അൻസിബ

വെബ് ഡെസ്ക്

Published on Jul 05, 2026, 07:48 PM | 1 min read

കൊച്ചി : നടൻ ടിനി ടോമിനെതിരെ രജിസ്‌റ്റർചെയ്‌ത കേസിൽ അൻസിബ ഹസന്റെ മൊഴി രേഖപ്പെടുത്തുന്നത്‌ വൈകും. ശനി വൈകിട്ട്‌ അൻസിബ കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും വനിത എസ്‌ഐ ഇല്ലാത്തതിനാൽ തിരികെ പോയിരുന്നു. വനിത എസ്‌ഐയ്‌ക്ക്‌ പകരം സിഐ എത്തുമെന്ന്‌ പൊലീസ്‌ അറിയിച്ചെങ്കിലും ആരും വന്നില്ലെന്ന്‌ അൻസിബ മാധ്യമങ്ങളോട്‌ പ്രതികരിച്ചിരുന്നു. ഞായറാഴ്‌ച അൻസിബയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്‌ചയും രേഖപ്പെടുത്താൻ സാധ്യതയില്ലെന്നാണ്‌ സൂചന.


അൻസിബ ഹസന്റെ പരാതിയിൽ എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി(എട്ട്‌)യുടെ നിർദേശപ്രകാരമാണ്‌ കടവന്ത്ര പൊലീസ്‌ കേസെടുത്തത്‌. ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചെന്നും മതപരമായി അധിക്ഷേപിച്ചെന്നുമാണ്‌ പരാതി.


അതേസമയം, അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി തൃപ്പൂണിത്തുറ ഹിൽപാലസ്‌ പൊലീസിന്‌ നിർദേശം നൽകി. നടി ലക്ഷ്മി പ്രിയ, അവരുടെ ഭർത്താവ് ജയേഷ്, എസ്ഐ രേഷ്മ എന്നിവർക്കെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിലാണ്‌ കോടതി നിർദ്ദേശം. അൻസിബ ഹസ്സനെ തൃപ്പൂണിത്തുറ വനിത സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞു വച്ചു, സ്റ്റേഷനിൽ രേഖയിൽ അൻസിബയെകൊണ്ട് മാപ്പ് എഴുതി ഒപ്പിടിയിച്ചു, പിന്നീട് അതിൽ പ്രതികൾക്ക് വേണ്ടി അൻസിബ അറിയാതെ തിരുത്തൽ വരുത്തി എന്നെല്ലാമാണ് അൻസിബയുടെ പരാതി. തൃക്കാക്കര എസിപി അന്വേഷിച്ച്‌ കഴമ്പില്ല എന്ന് പറഞ്ഞ്‌ പരാതി തള്ളുകയായിരുന്നു. അതിന് ശേഷമാണ് അൻസിബ കോടതിയെ സമീപിച്ചത്.


നടി ലക്ഷ്മിപ്രിയക്കെതിരായ അൻസിബ ഹസന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി പൊലീസിനോട്‌ വിശദീകരണം തേടിയിരുന്നു. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന്‌ കാണിച്ച്‌ ലക്ഷ്‌മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ്‌ കേസെടുക്കാത്തതിനെ തുടർന്നാണ്‌ അൻസിബ കോടതിയെ സമീപിച്ചത്‌. ഒന്പതിനകം വിശദീകരണം നൽകാനാണ്‌ കോടതി നിർദേശം.


ലക്ഷ്മിപ്രിയ, കാൻ ചാനൽ മീഡിയ ഉടമ സുകുമാരൻ, സുരേഷ് എന്നിവരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. തനിക്കെതിരെയുള്ള സൈബർ അധിക്ഷേപത്തിൽ നടി ശ്വേത മേനോന്റെ പങ്ക്‌ അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home