സംസ്ഥാന ധനകമീഷന്റെ ആദ്യ റിപ്പോർട്ട് ഒക്‌ടോബറിൽ

ഒ വി സുരേഷ്
Published on Aug 17, 2025, 01:54 AM | 1 min read
തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകമീഷന്റെ ആദ്യ റിപ്പോർട്ട് ഒക്‌ടോബറിൽ സർക്കാരിന് സമർപ്പിക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന വിഹിതം, വിവിധ ഗ്രാന്റുകൾ എന്നിവ വീതം വയ്‌ക്കുന്നത് സംബന്ധിച്ച ശുപാർശകളാകും ആദ്യ റിപ്പോർട്ടിലുണ്ടാവുക. ഭരണഘടനയുടെയും പഞ്ചായത്ത് രാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ നൽകാനാണ് ധനകമീഷൻ രൂപീകരിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകണ്ട നികുതി, ഫീസുകൾ തുടങ്ങിയവയുടെ വിഹിതം, സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽനിന്ന് നൽകേണ്ട ഗ്രാന്റുകൾ എന്നിവ സംബന്ധിച്ചും, തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതി മറ്റ് ഫീസുകൾ തുടങ്ങിയവ നിർണയിക്കാനുള്ള മാർഗനിർദേശങ്ങളും നൽകുകയാണ് കമീഷന്റെ ചുമതല. മുൻ സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. കെ എൻ ഹരിലാൽ അധ്യക്ഷനായതാണ് ഏഴാം കമീഷൻ. ആറാം കമീഷൻ ശുപാർശകൾക്ക് നടപ്പ് സാമ്പത്തിക വർഷംവരെ കാലാവധിയുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ടാകും. കേന്ദ്രസർക്കാർ സംസ്ഥാനത്തിനോട് കടുത്ത വിവേചനം തുടരുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാതെ പ്രാദേശിക വികസന ആവശ്യങ്ങൾ നിർവഹിക്കാനാകില്ല എന്നതാണ് സ്ഥിതി. കമീഷൻ താഴേത്തട്ടിൽ ചെന്നാണ് നിർദേശങ്ങൾ തേടിയത്. ജില്ലാ ആസൂത്രണസമിതികൾ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ, രാഷ്‌ട്രീയപാർടി പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്‌ചകൾ നടത്തി. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലൊഴികെ ചർച്ചകൾ പൂർത്തിയാക്കി. ഇതുകൂടി പൂർത്തിയാകുന്നതോടെ റിപ്പോർട്ട് തയ്യാറാകുമെന്ന് ചെയർമാൻ ഡോ. കെ എൻ ഹരിലാൽ പറഞ്ഞു. രണ്ടുവർഷ കാലാവധിയുള്ള കമീഷന്റെ അവസാന റിപ്പോർട്ട് അടുത്തവർഷം മാർച്ചിനുമുമ്പ് സമർപ്പിച്ചേക്കും.









0 comments