സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണ ; കൊട്ടക് മഹീന്ദ്രയുമായി ധാരണപത്രം ഒപ്പിട്ടു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്റ്റാർട്ടപ് ആവാസവ്യവസ്ഥ പരിപോഷിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക ലഭ്യത വർധിപ്പിക്കുന്നതിനുമായി കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) കൊട്ടക് മഹീന്ദ്ര ബാങ്കുമായി ധാരണപത്രത്തിൽ ഒപ്പിട്ടു. കൃഷി, മെഡിക്കൽ സാങ്കേതികവിദ്യ, ഇലക്‌ട്രോണിക്സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കാണ് പ്രയോജനം ലഭിക്കുക. സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ് മെച്ചപ്പെടുത്താനുള്ള മാർഗനിർദേശം ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക ലഭ്യത ഉറപ്പാക്കാനും കൊട്ടക് മഹീന്ദ്രയുമായുള്ള സഹകരണം സഹായകമാകും.
ദുബായ്, യുകെ, സിംഗപ്പുർ എന്നിവിടങ്ങളിലെ കൊട്ടക്കിന്റെ അന്താരാഷ്ട്ര ഓഫീസുകൾ വഴി കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വിദേശ വിപണികളിലേക്ക് എത്തിച്ചേരാം. സ്റ്റാർട്ടപ്പുകൾക്ക് എൻആർഐ സമൂഹവുമായി ബന്ധം സ്ഥാപിക്കാനും ധാരണപത്രം വഴിയൊരുക്കും. റെഗുലേറ്ററി കംപ്ലയൻസസ്, കയറ്റുമതി വരുമാനം, ധനസമാഹരണം എന്നിവയെക്കുറിച്ചുള്ള മാസ്റ്റർ ക്ലാസുകൾ, മെന്ററിങ് സെഷനുകൾ, ശിൽപ്പശാലകൾ തുടങ്ങിയവ കെഎസ്‌യുഎം സംഘടിപ്പിക്കും.
കരാർ പ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ ബിസിനസ് ബാങ്കിങ് ഉൽപ്പന്നങ്ങളിലൂടെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും. സ്റ്റാർട്ടപ്പുകളുടെ ഉൽപ്പാദന പ്രവർത്തനങ്ങൾക്കും മികച്ച വിപണിക്കുമുള്ള സാമ്പത്തികം കണ്ടെത്താൻ മഹീന്ദ്ര ബാങ്കുമായുള്ള സഹകരണം സഹായകമാകുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.









0 comments