മുണ്ടക്കൈ ദുരന്തബാധിതർക്ക് ജീവനോപാധിയായി ഇതുവരെ നൽകിയത് 19.09 കോടി; ഏപ്രിലിലെ വിതരണം പൂർത്തിയായി

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിത കുടുംബങ്ങളിലെ രണ്ടുപേർക്ക് വീതം ഇതുവരെ സംസ്ഥാന സർക്കാർ ജീവനോപാധിയായി നൽകിയത് 19.09 കോടി രൂപ. ദിവസവും 300 രൂപ വീതം മാസം 9000 രൂപയാണ് ഒരാൾക്ക് നൽകുന്നത്. കിടപ്പുരോഗികളുള്ള വീട്ടിൽ മൂന്നുപേർക്ക് നൽകും. ഏപ്രിലിൽ നൽകേണ്ട ഗഡുവിന്റെ വിതരണം ശനിയാഴ്‌ച പൂർത്തിയാക്കി. 1884 പേരുടെ അക്കൗണ്ടുകളിൽ പണമെത്തി.
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതിന്റെ ഭാഗമായ സാങ്കേതിക തടസ്സങ്ങളും തുടർച്ചയായ അവധിദിനങ്ങളുമാണ് വിതരണം വൈകാനിടയാക്കിയത്. സാങ്കേതികമായ ഇൗ കാലതാമസമാണ് ജീവനോപാധി അവസാനിപ്പിച്ചുവെന്ന നിലയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഗുണഭോക്താക്കൾക്ക് വീട് കൈമാറുന്നതുവരെ വിതരണം തുടരുമെന്ന സർക്കാർ തീരുമാനം മറച്ചുവച്ചായിരുന്നു പ്രചാരണം.
ദുരന്തനിവാരണ നിയമപ്രകാരം മൂന്നുമാസത്തേക്ക് മാത്രം നൽകേണ്ട തുകയാണ് പ്രത്യേക തീരുമാനമെടുത്ത് സർക്കാർ ഇതുവരെ നൽകിയത്. വാടക ഇനത്തിൽ ഒരു കുടുംബത്തിന് 6000 രൂപ വീതം 6.67 കോടി രൂപയും മുടങ്ങാതെ കൈമാറിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം, പരിക്കേറ്റവർക്കും കിടപ്പുരോഗികൾക്കുമുള്ള ചികിത്സാസഹായം, മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള തുക, അടിയന്തര സഹായം, ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് അറിയിച്ചവർക്ക് 15 ലക്ഷംരൂപ, പഠനസഹായം എന്നിവയും നൽകിയിരുന്നു. ജീവനോപാധി വിതരണം വൈകിട്ടോടെ പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ ശനി രാവിലെ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.










0 comments