ad
Deshabhimani

print edition നാടക നടൻ ബേബിക്കുട്ടൻ തൂലിക അന്തരിച്ചു

babykuitta.
വെബ് ഡെസ്ക്

Published on Jul 12, 2026, 01:29 AM | 1 min read

ചവറ : മലയാള നാടക രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും നിർമാതാവുമായ ചവറ തേവലക്കര തൂലികയിൽ  ടി കെ ഗോപിനാഥക്കുറുപ്പ് (ബേബിക്കുട്ടൻ തൂലിക, 80) അന്തരിച്ചു. സംസ്കാരം ഞായർ പകൽ മൂന്നിന് തേവലക്കരയിലെ വീട്ടുവളപ്പിൽ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലികൊണ്ട്‌ ശ്രദ്ധനേടി. നിരവധി സാമൂഹ്യ, -സാംസ്കാരിക വിഷയങ്ങൾ പ്രമേയമാക്കിയ നാടകങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടി.


അഭിനയരംഗത്തും സംവിധാന മികവിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു. 1989-ൽ ‘തൂലിക തിയറ്റേഴ്‌സ്‌' നാടകസമിതി രൂപീകരിച്ചു. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ നോവൽ ആദ്യമായി നാടകമാക്കി. വിദേശ രാജ്യങ്ങളിൾ ഉൾപ്പെടെ നിരവധി വേദികളിൽ ചെമ്മീൻ നാടകം അവതരിപ്പിച്ചു. എഴുപതിലധികം നാടകങ്ങൾ രചിച്ചു.


ഹാസ്യതാരമായാണ്‌ അഭിനയജീവിതം തുടങ്ങിയത്‌. തുടർന്ന്‌ നാടക രചനയിലേക്കും സംവിധാനത്തിലേക്കും കടന്നു. സംവിധാനംചെയ്‌ത ‘പ്രമാണി' കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി നാലായിരത്തിലധികം വേദികളിൽ അരങ്ങേറി. എഴുപതോളം നാടകങ്ങൾ രചിച്ചു.  1983-ൽ ‘ലയവിന്യാസം' നാടകം മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും 2002-ൽ കേരള സംഗീത നാടക അക്കാദമി അവാർഡും നേടി. കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, ഗാന്ധിഭവൻ കലാപുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ​ഭാര്യ: രാമാദേവി (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം). മക്കൾ: രാജേഷ്, രഞ്ജിഷ്, ശ്രീലക്ഷ്മി. മരുമക്കൾ: മധുശ്രീ‍, അഞ്ജു (അധ്യാപിക, മിലാദെ ഷെരീഫ് എച്ച്‌എസ്, മൈനാഗപ്പള്ളി), ശ്രീഹരി (ബഹ്‌റൈൻ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home