എസ്എസ്എൽസി പരീക്ഷ ; കൂടുതൽ വിദ്യാർഥികൾ മലപ്പുറത്ത്

തിരുവനന്തപുരം : ഈ അധ്യയനവർഷം കൂടുതൽ വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാർഥികൾ, 1893പേർ.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ആണ് കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017പേർ പരീക്ഷ എഴുതും. കുറച്ച് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസിലാണ്. ഒരുകുട്ടിയാണ് പരീക്ഷയ്‌ക്കുള്ളത്.
ഇത്തവണ ഗൾഫ് മേഖലയിൽ 682പേരും ലക്ഷദ്വീപ് മേഖലയിൽ 447 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പിസിഒ) എട്ട് പേരും പരീക്ഷ എഴുതുന്നു. എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നവരിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽ 1,42,298പേരും എയിഡഡ് സ്കൂളുകളിൽ 2,55,092പേരും അൺ എയിഡഡ് സ്കൂളുകളിൽ 29,631പേരും പരീക്ഷയെഴുതും.








0 comments