എസ്‌എസ്‌കെ ഫണ്ട്; വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും: വി ശിവൻകുട്ടി

തിരുവനന്തപുരം : അർഹമായ സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ) പദ്ധതി വിഹിതം അനുവദിക്കുന്നതിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ കേരളം. 1,500.27 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകാനുള്ളത്. വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ കാണുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷമാകും കൂടിക്കാഴ്‌ച.
നിലവിൽ കോടതിയെ സമീപിക്കില്ലെന്നും അല്ലാതെതന്നെ കേരളത്തിന് അർഹമായ തുക നേടിയെടുക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാത്തതിന്റെ പേരിലാണ് കേന്ദ്രം തുക തടഞ്ഞുവച്ചിരിക്കുന്നത്. ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിനുൾപ്പെടെ എസ്‌എസ്‌കെ പദ്ധതി വിഹിതമായി ഭരണഘടനാപരമായി കേന്ദ്രം അനുവദിക്കേണ്ട തുകയാണ് ഇത്.
2023-–-24 എസ്‌എസ്‌കെ പദ്ധതിയിൽ അവസാന രണ്ട് ഗഡു ഉൾപ്പെടെ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. കേരളത്തിന് അവകാശപ്പെട്ട 513.54 കോടി രൂപ കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ചിട്ടില്ല. കേരളത്തിലെ 336 സ്‌കൂളുകളെ പിഎം ശ്രീ സ്‌കൂളുകളായി മാറ്റണമെന്നാണ് കേന്ദ്ര നിർദേശം.
ഒരു ബിആർസിയിൽ രണ്ട് സ്‌കൂളുകൾ കേന്ദ്ര ബ്രാൻഡിങ് നടത്തണം. കേരളം 2023–-24 സാമ്പത്തിക വർഷത്തെ അവസാന ഗഡുക്കൾക്കുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടും ഫണ്ട് അനുവദിച്ചില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് പി എം ശ്രീ പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പുവയ്ക്കാമെന്ന ഉറപ്പു നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടത്.








0 comments