എസ്എസ്കെ ഫണ്ട്; സമ്മർദം ഫലം കണ്ടു, കേരളത്തിന് 109 കോടി രൂപ അനുവദിച്ചു

samagra shiksha kerala
വെബ് ഡെസ്ക്

Published on Nov 04, 2025, 11:20 PM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാർ തടഞ്ഞുവെച്ച സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) പദ്ധതിയുടെ വിഹിതത്തിൽ ഒരു ഗഡു കേരളത്തിന്‌ അനുവദിച്ചു. സംസ്ഥാനത്തിന്‌ അർഹമായ 109 കോടി രൂപയാണ്‌ കേന്ദ്രം അനുവദിച്ചത്‌. ഇതിൽ 92.4 കോടി രൂപ സംസ്ഥാന സർക്കാരിൻ്റെ അക്കൗണ്ടിൽ ഇതിനോടകം എത്തി.


2025–26 സാമ്പത്തിക വർഷത്തെ ആദ്യഗഡുവായാണ് ഈ തുക അനുവദിച്ചത്. ശേഷിക്കുന്ന 17.6 കോടി രൂപ ഈ ആഴ്ചതന്നെ നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഈ സാമ്പത്തികവർഷം ആകെ 456 കോടി രൂപയാണ് എസ്എസ്കെ വിഹിതമായി കേരളത്തിന് ലഭിക്കേണ്ടത്.


കേരളത്തിന് അർഹമായ തുക ഉടൻ വിട്ടുനൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഉറപ്പുനൽകിയതിന് തൊട്ടുപിന്നാലെയാണ് ഫണ്ട് അനുവദിക്കാനുള്ള തീരുമാനം വന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർഥികൾക്കായി റിസോഴ്‌സ് അധ്യാപകരെ നിയമിക്കാൻ ഫണ്ട് ലഭിക്കാത്തത് തടസ്സമാകുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി തുക ഉടൻ നൽകാമെന്ന് ഉറപ്പുനൽകിയത്.


കുടിശ്ശിക 1,158 കോടി


എസ്എസ്കെ പദ്ധതിയിൽ 2023–24 സാമ്പത്തിക വർഷത്തെ അവസാന രണ്ട് ഗഡുക്കൾ ഉൾപ്പെടെ സംസ്ഥാനത്തിന് ലഭിക്കാനുള്ളത് 1,158 കോടി രൂപയാണ്. ഈ കുടിശ്ശിക ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ ബുധനാഴ്ച തന്നെ കേന്ദ്രത്തിന് കൈമാറുമെന്ന് എസ്എസ്കെ ഡയറക്‌ടർ ഡോ. എ ആർ സുപ്രിയ അറിയിച്ചു.


ഈ പദ്ധതിയിലെ കേന്ദ്ര – സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാണ്. കേന്ദ്ര കുടിശ്ശികയുള്ളതിനാൽ ജീവനക്കാരുടെ വേതനം, വിദ്യാർഥികളുടെ യൂണിഫോം, ഭിന്നശേഷി വിദ്യാർഥികളുടെ വിദ്യാഭ്യാസം, ഉച്ചഭക്ഷണം തുടങ്ങിയവയ്ക്കുള്ള തുക സംസ്ഥാന സർക്കാർ അധികമായി അനുവദിച്ചാണ് ഇതുവരെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോയിരുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home