ഹർജി തീർപ്പാക്കി
തസ്‌ലിമ വിളിച്ചിരുന്നു, കഞ്ചാവ് ഇടപാടുമായി ബന്ധമില്ല: ശ്രീനാഥ് ഭാസി

കൊച്ചി : ഹൈബ്രിഡ് കഞ്ചാവുകേസിൽ ആലപ്പുഴയിൽ പിടിയിലായ തസ്‌ലിമ സുൽത്താന ഫോണിൽ വിളിച്ചിരുന്നതായി നടൻ ശ്രീനാഥ് ഭാസി. ഇവരുമായുള്ള വാട്സാപ് ചാറ്റ് പുറത്തുവന്നതോടെ നൽകിയ മുൻകൂർ ജാമ്യഹർജിയിലായിരുന്നു വിശദീകരണം. കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ സർക്കാരിന്റെ വിശദീകരണം തേടിയശേഷം 22ന് വാദം കേൾക്കാൻ മാറ്റിയെങ്കിലും പിന്നാലെ ശ്രീനാഥ് ഭാസി ഹർജി പിൻവലിച്ചു. നിലവിൽ എക്‌സൈസ് പ്രതിചേർക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇതോടെ ഹർജി തീർപ്പാക്കി.
കഞ്ചാവ് ഇടപാടുമായി ബന്ധമില്ലെന്നും ഡിജിറ്റൽ തെളിവുകളുണ്ടെന്ന് എക്സൈസ് പരാമർശിച്ച സാഹചര്യത്തിൽ, തന്നെ തെറ്റായി കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ഏപ്രിൽ ഒന്നിന് ഓമനപ്പുഴയിൽ മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്‌ലിമ സുൽത്താനയുടെ ഫോണിലാണ് ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകൾ കണ്ടത്. ക്രിസ്റ്റീനയെന്ന് പരിചയപ്പെടുത്തി തസ്‌ലിമ മുമ്പ് ലൊക്കേഷനിൽ വന്ന് കണ്ടിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. അന്ന് ഫോൺ നമ്പറും വാങ്ങി. പിന്നീട് ഫോണിൽ സന്ദേശമയച്ചപ്പോൾ ‘കാത്തിരിക്കൂ’ എന്ന് മറുപടി നൽകുകമാത്രമാണുണ്ടായത്.
അതിനുമുമ്പ് തസ്‌ലിമ ഫോണിൽ വിളിച്ച് കഞ്ചാവ് വേണോ എന്ന് ചോദിച്ചു. കളിയാക്കുകയാണെന്ന് കരുതി പ്രതികരിച്ചില്ല. തസ്‌ലിമയിൽനിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം മുടങ്ങുമെന്നും ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും ഹർജിയിലുണ്ടായിരുന്നു.









0 comments