ചെമ്പഴന്തി ഗുരുകുലത്തിൽ മുഖ്യമന്ത്രിയും ശിവഗിരിയിൽ ഗവർണറും ഉദ്ഘാടനംചെയ്യും
ശ്രീനാരായണഗുരു ജയന്തി ആഘോഷം 5ന് തുടങ്ങും

തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിന്റെ 171–ാം ജയന്തി ആഘോഷങ്ങൾക്ക് 5 ന് തുടക്കമാകും. ചെമ്പഴന്തി ഗുരുകുലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ശിവഗിരിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറും ഉദ്ഘാടനം ചെയ്യുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ചെമ്പഴന്തിയിൽ അഞ്ചിന് രാവിലെ ഏഴിന് പതാകയുയരും. 10 ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. ദേവസ്വംബോർഡ് പ്രസിഡന്റ് വി എസ് പ്രശാന്ത് അധ്യക്ഷനാകും. വൈകിട്ട് മൂന്നിന് ഘോഷയാത്ര മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനംചെയ്യും.
ശിവഗിരിയിൽ ഏഴിന് പുലർച്ചെ പർണശാല, ശാരദാ മഠം, മഹാസമാധി എന്നിവിടങ്ങളിലെ ആരാധനയ്ക്കുശേഷം സ്വാമി സച്ചിദാനന്ദ പതാകയുയർത്തും. 9.30ന് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനംചെയ്യും. 11.30 ന് വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രണ്ടിന് ഗുരുമൊഴി പ്രഭാഷണ പരമ്പര. വൈകിട്ട് 5.30 ന് ജയന്തി ഘോഷയാത്ര.
ജയന്തിയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലും പരിപാടികൾ നടക്കുമെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, കൺവീനർ അരുൺകുമാർ, ഡോ. എം ജയരാജു, ഇ എം സോമനാഥൻ എന്നിവർ പങ്കെടുത്തു.










0 comments