print edition ധാരണപത്രം ഒപ്പിട്ടു; ഓപ്പൺ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് സേവാ കേന്ദ്രങ്ങളുടെ പിന്തുണ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പഠിതാക്കളുടെ വിവിധ വിദ്യാഭ്യാസ സേവനങ്ങൾ അവരുടെ ആവശ്യാനുസരണം ഇനി സംസ്ഥാനത്തുടനീളമുള്ള കോമൺ സർവീസ് സെന്ററുകൾ, ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ വഴി ലഭ്യമാകും. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡുമായി യൂണിവേഴ്‌സിറ്റി ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവച്ചു.
യൂണിവേഴ്സിറ്റി രജിസ്ട്രാർ അഭിലാഷ് ബാബു, എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ വൈസ് പ്രസിഡന്റ് ആൻഡ്‌സ്റ്റേറ്റ് ഹെഡ് സുവിധ് വിജയൻ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.
ധാരണപത്രം നിലവിൽ വന്നതോടെ അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ കേരളത്തിലുടനീളമുള്ള പതിനൊന്നായിരത്തിലധികം സിഎസ്‌സി കേന്ദ്രങ്ങൾ വഴി പഠിതാക്കൾക്ക് യൂണിവേഴ്‌സിറ്റി സേവനങ്ങൾ വേഗത്തിലും സുഗമമായും ഉപയോഗപ്പെടുത്താം. ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ: പ്രവേശനവും രജിസ്ട്രേഷനും: വിവിധ യുജി, പിജി, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം.
ഫീസ് അടയ്ക്കൽ: കോഴ്‌സ് ഫീസ്, പരീക്ഷാ ഫീസ് തുടങ്ങിയവ സുരക്ഷിതമായി അടയ്ക്കാനുള്ള സൗകര്യം. പരീക്ഷാ അനുബന്ധ സേവനങ്ങൾ: ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ്, റീവാല്യുവേഷൻ അപേക്ഷകൾ, മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവ ഡൗൺലോഡ് ചെയ്യലും അപേക്ഷിക്കലും. വിവരശേഖരണം: പ്രവേശന യോഗ്യതകൾ, കോഴ്‌സ് വിശദാംശങ്ങൾ, കലണ്ടർ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ.
ഗ്രാമീണ മേഖലകളിലെയും മലയോര മേഖലകളിലെയും ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്ക് സ്വന്തമായി ഇന്റർനെറ്റ് സൗകര്യങ്ങളോ കംപ്യൂട്ടറോ ഇല്ലാതെതന്നെ വീടിനടുത്തുള്ള സിഎസ്‌സി കേന്ദ്രങ്ങൾ വഴി സർവകലാശാലാ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.










0 comments