print edition തടവിലാകാൻ വിസമ്മതിച്ച ധിഷണ; ഗ്രാംഷിയുടെ അറസ്റ്റിന് നൂറുവർഷം

റഫീഖ് ഇബ്രാഹിം
Published on Nov 08, 2026, 01:00 AM | 3 min read
ഇറ്റാലിയൻ പാർലമെന്റിലെ കമ്യൂണിസ്റ്റ് പാർടി അംഗവും ജനറൽ സെക്രട്ടറിയുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ മുസ്സോളിനി ഭരണകൂടം തടവിലാക്കിയത് 1926 നവംബർ എട്ടിന്. 20 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി അവസാനിച്ച് ആറുദിവസത്തിനുശേഷം 1937 ഏപ്രിൽ 27 ന് ‘ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും മഹിമയുറ്റ ബുദ്ധിജീവി’ എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രാംഷി അന്തരിച്ചു
നവംബർ എട്ട്– രാത്രി. കൃത്യം നൂറുവർഷം മുന്പ്! ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ നഗരമധ്യത്തോട് ചേർന്നുള്ള ‘നൊമെന്റാനോ’ പ്രദേശത്തെ ‘വിയ ജിയോവന്നി ബാറ്റിസ്റ്റ മോർഗാഗ്നി’യിലെ 25–-ാംനമ്പർ വീടിനു താഴെയായി റോമിലെ ‘പൊതുസുരക്ഷാ പൊലീസി’ലെ രണ്ട് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. മൂന്നാംനിലയിലെ പൂന്തോട്ടത്തിലേക്ക് തുറക്കുന്ന ജാലകങ്ങളുള്ള, ചെറിയ മുറിയിൽ രണ്ടുവർഷമായി ഒറ്റയ്ക്ക് കഴിയുന്ന വാടകക്കാരനായിരുന്നു അവരുടെ ലക്ഷ്യം. ഈ വീട് മാസങ്ങളായി നിരീക്ഷണത്തിലായിരുന്നതിനാൽത്തന്നെ, സുഹൃത്തുക്കൾ സ്നേഹപൂർവം ‘നീനോ’ എന്നു വിളിച്ചിരുന്ന തങ്ങൾ കാത്തിരിക്കുന്ന മുപ്പത്തഞ്ചു-കാരൻ അധികം വൈകാതെ തനിച്ച് മടങ്ങിയെത്തുമെന്ന് അവർക്കറിയാമായിരുന്നു.
കമ്യൂണിസ്റ്റ് പാർലമെന്റ് അംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നിർദേശം പ്രധാനമന്ത്രി ബെനിറ്റോ മുസ്സോളിനിയിൽനിന്ന് പൊലീസ് മേധാവിയായ ആർതുറോ ബൊക്കിനിക്ക് ലഭിച്ചിരുന്നു. രാത്രിയോടെ അറസ്റ്റ് പൂർത്തിയാക്കണമെന്ന കർശന നിർദേശം നടപ്പാക്കുക എന്നതായിരുന്നു പൊലീസുകാരുടെ ദൗത്യം. അവർ കാത്തിരുന്നത് ഇറ്റാലിയൻ പാർലമെന്റിലെ കമ്യൂണിസ്റ്റ് പാർടി അംഗവും ജനറൽ സെക്രട്ടറിയുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ ആയിരുന്നു. ഭാര്യാസഹോദരിയായ തത്യാനയുടെ വീട്ടിൽനിന്ന് അത്താഴവും കഴിച്ച്, പിൽക്കാലത്ത് ‘ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും മഹിമയുറ്റ ബുദ്ധിജീവി’ എന്നു വിശേഷിപ്പിക്കപ്പെട്ട അന്റോണിയോ കാൽനടയായി രാത്രി 10.30-ന് വാടകവീട്ടിലെത്തി. അങ്ങനെ ദുരിതമയമായ, ജീവിതാന്ത്യംവരെ നീണ്ട ‘ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തടവിന്റെയും നിയന്ത്രണത്തിന്റെയും ദുരിത’ത്തിന് തുടക്കമായി.
അതേ രാത്രിതന്നെ കമ്യൂണിസ്റ്റ് പാർടിയിൽപ്പെട്ട 13 പാർലമെന്റ് അംഗങ്ങളെയും നിരവധി നേതാക്കളെയും അറസ്റ്റ് ചെയ്തു. എട്ടുദിവസംമുന്പേ, പ്രധാനമന്ത്രിയായി നിയമിതനായതിന്റെ നാലാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിനിടെ മുസ്സോളിനിക്കുനേരെ വധശ്രമം നടന്നിരുന്നു. വെടിയുതിർത്തു എന്നാരോപിച്ച് ഫാസിസ്റ്റ് പിന്തുണക്കാർ അന്റിയോ സാമ്പോണി എന്ന 15 വയസ്സുകാരനെ മർദിച്ചുകൊന്നതിനാൽ സംഭവത്തിന്റെ യഥാർഥ വസ്തുതകൾ പുറത്തുവന്നില്ല. ഇതൊരു അവസരമായി കണ്ട ഫാസിസ്റ്റ് ഭരണകൂടം പൗരസ്വാതന്ത്ര്യങ്ങൾ പരിമിതപ്പെടുത്തുന്ന നടപടികളുടെ പരമ്പരയ്ക്ക് ആരംഭംകുറിച്ചു. പാർലമെന്റ് അംഗങ്ങളുടെ നിയമപരിരക്ഷ എടുത്തുമാറ്റുക എന്നത് ഇതിന്റെ ഭാഗമായിരുന്നു. വിചിത്രവും ക്രൂരവുമായ വസ്തുത ഗ്രാംഷിയെയും സഹസഖാക്കളെയും അറസ്റ്റ് ചെയ്തതിന് രണ്ടാഴ്ചയ്ക്കുശേഷമായിരുന്നു ഇത്തരമൊരു നിയമം നടപ്പിൽവന്നത് എന്നതാണ്. ഫാസിസ്റ്റ് ഭരണസംവിധാനത്തിനെതിരെ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി രൂക്ഷവിമർശങ്ങൾ ഉയർത്തിയിരുന്നു.
ഗ്രാംഷി നടത്തിയ ആദ്യത്തെയും അവസാനത്തെയും പാർലമെന്ററി പ്രസംഗം ഫാസിസത്തിന്റെ രാഷ്ട്രീയസ്വഭാവം, അതിന്റെ ഭരണകൂടാധികാരത്തിലേക്കുള്ള വളർച്ച, തൊഴിലാളി–-കർഷക സംഘടനകളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന സൂക്ഷ്മാപഗ്രഥനമായിരുന്നു. പ്രസംഗം പലതവണ തടസ്സപ്പെടുത്താൻ ശ്രമം നടന്നുവെങ്കിലും ഗ്രാംഷി എന്ന ധൈഷണികന്റെ അപകടം തിരിച്ചറിയാൻ മുസ്സോളിനിക്കത് ധാരാളമായിരുന്നു. ഇറ്റലിയിലെ ദക്ഷിണഭാഗങ്ങളിലെ കാർഷികസമൂഹങ്ങളെക്കുറിച്ചുള്ള പഠനം അദ്ദേഹം തയ്യാറാക്കുകയായിരുന്നു. വർഗപരമായ അന്തരത്തെക്കുറിച്ചും സാമൂഹികവും രാഷ്ട്രീയവുമായ അസമത്വങ്ങളെക്കുറിച്ചുമുള്ള ഈ പ്രബന്ധം ഫാസിസ്റ്റുകളുടെ വികസനവാചാടോപങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. രണ്ടുവർഷം കഴിഞ്ഞ് വിചാരണവേളയിൽ മിഷേലെ ഇസ്ട്രോ എന്ന പ്രോസിക്യൂട്ടർ നടത്തിയ കുപ്രസിദ്ധ പ്രസ്താവനയായ “ഈ തലച്ചോറിന്റെ പ്രവർത്തനം 20 വർഷത്തേക്ക് നാം തടയുക” എന്ന പദ്ധതി ഫാസിസ്റ്റുകൾക്ക് അനിവാര്യമായിരുന്നു എന്നു സാരം.
അറസ്റ്റിനുശേഷം ഗ്രാംഷിയെ ആദ്യം പോർട്ട പിയയിലെ പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് റെജീന കോയേലി ജയിലിലേക്കും കൊണ്ടുപോയി. സിസിലിക്കടുത്തുള്ള ഉസ്തിക്ക ദ്വീപ്, മിലാനിലെ സാൻ വിറ്റോർ ജയിൽ എന്നിവിടങ്ങളിലെ ഏകാന്തതടവിനുശേഷം 1928 ജൂൺ നാലിന് പ്രത്യേക കോടതി ഭരണകൂടത്തിനെതിരായ ഗൂഢാലോചന, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നീ കുറ്റങ്ങൾ ചുമത്തി 20 വർഷവും നാലുമാസവും അഞ്ചുദിവസവും തടവുശിക്ഷ വിധിച്ചു. 1937 ഏപ്രിൽ 27ന് ശിക്ഷയുടെ കാലാവധി അവസാനിച്ചെങ്കിലും ആറുദിവസംകൂടി കഴിഞ്ഞ് 46–-ാംവയസ്സിൽ മസ്തിഷ്കാഘാതത്താൽ അദ്ദേഹം അന്തരിച്ചു.
അറസ്റ്റിലാകുമ്പോൾ നട്ടെല്ലിനെ ബാധിച്ച പോട്ട്സ് രോഗംമൂലം അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. വിട്ടുമാറാത്ത ദഹനപ്രശ്നങ്ങളും നട്ടെല്ലിലെ വേദനയുംമൂലം ഒട്ടും ആരോഗ്യമില്ലാത്ത ശരീരപ്രകൃതം. ഭാര്യ ജൂലിയ ഷുക്ത് മക്കളായ ദെലിയോയ്ക്കും ജൂലിയാനോയ്ക്കുമൊപ്പം മോസ്കോയിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന് രണ്ടുമാസം മാത്രമായിരുന്നു പ്രായം. ആ കുഞ്ഞിനെ ഒരിക്കലും കണ്ടിട്ടില്ല. കുടുംബത്തെ വേർപിരിഞ്ഞതിന്റെ കദനഭാരവും ശാരീരിക കെടുതികളുമായിരുന്നു അനുഭവിക്കേണ്ടി വന്നത്. മനുഷ്യരെല്ലാം നിശ്ചേതനരാകുന്ന ദുരിതമയവും ഏകാന്തവുമായ അവസ്ഥയെ ഗ്രാംഷി പക്ഷേ ചിന്തയുടെ വിപ്ലവപ്രവർത്തനംകൊണ്ട് എതിരിട്ടു.
മാർക്സിസത്തിന് അദ്ദേഹം നൽകിയ ‘പ്രയോഗത്തിന്റെ തത്വചിന്ത’ എന്ന വിശേഷണം ആ നിലയിൽക്കൂടിയാണ് സാർഥകമായത്. വാസ്തവത്തിൽ ഗ്രാംഷിയുടെ അറസ്റ്റ് ചരിത്രപരമായ ഒരു വിരോധാഭാസമായിരുന്നു. ഫാസിസം ഗ്രാംഷിയുടെ ശരീരത്തെ തടവിലാക്കി; എന്നാൽ ഫാസിസത്തെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ ചിന്തയെ തടവിലാക്കാൻ അതിന് കഴിഞ്ഞില്ല. ഫാസിസം ഇല്ലാതാക്കാൻ ശ്രമിച്ച ബുദ്ധി, ഫാസിസത്തെത്തന്നെ വിശകലനം ചെയ്യാനുള്ള ചരിത്രപരമായ ഉപകരണമായി മാറി. ഗ്രാംഷിയെ നിശ്ശബ്ദനാക്കാൻ ശ്രമിച്ച ഭരണകൂടം, അറിയാതെതന്നെ, ഫാസിസത്തെക്കുറിച്ചുള്ള ഏറ്റവും ഗൗരവമേറിയ വിമർശങ്ങളിലൊന്നിന്റെ രചനാസാഹചര്യം സൃഷ്ടിച്ചു. 1929 ഫെബ്രുവരി എട്ടി-ന് അദ്ദേഹം തന്റെ ചിന്തകൾ എഴുതിവയ്ക്കാൻ ആരംഭിച്ചു. റഫറൻസിനായി പുസ്തകങ്ങളില്ലാതെ, ചർച്ച ചെയ്യാൻ സുഹൃത്തുക്കളില്ലാതെ, പുറംലോകത്ത് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണപോലുമില്ലാതെ ചിതറിയതും വൈവിധ്യമാർന്നതുമായ ഒരു ചിന്താലോകം മിലാനിലെ സാൻ വിറ്റോറെ ജയിലിലെ സെല്ലിൽ രൂപംകൊള്ളുകയായിരുന്നു.
1935 വരെ നീണ്ട ഈ ബൗദ്ധികപ്രവർത്തനത്തിനിടെ രാഷ്ട്രീയം, ചരിത്രം, തത്വചിന്ത, സാഹിത്യം, സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങളിലായി 33 നോട്ട്ബുക്കുകളിൽ അദ്ദേഹം കുറിപ്പുകൾ തയ്യാറാക്കി. മരണാനന്തരം, അദ്ദേഹത്തിന്റെ ഭാര്യാസഹോദരി തത്യാനയുടെ നേതൃത്വത്തിൽ ഈ കുറിപ്പുകൾ പ്രിസൺ നോട്ട്ബുക്സ് എന്ന പേരിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഫാസിസം അകാലമരണത്തിന് ഇരയാക്കിയ ബൗദ്ധികപ്രതിഭയുടെ വിസ്മയകരമായ ആഴവും വ്യാപ്തിയും ലോകം തിരിച്ചറിഞ്ഞത്. മാർക്സിസത്തിന്റെ ചരിത്രത്തിൽമാത്രമല്ല, ആധുനിക ചിന്തയുടെ ചരിത്രത്തിൽത്തന്നെ നിർണായകമായ ഒരു വഴിത്തിരിവ് സൃഷ്ടിക്കുന്നതായിരുന്നു ഗ്രാംഷിയുടെ ഈ രചനകൾ.
ഫാസിസത്തിനെതിരായ അവസാനപോരാട്ടത്തിനായി കമ്യൂണിസ്റ്റ് അംഗങ്ങൾ ശ്രദ്ധാപൂർവം തയ്യാറെടുത്ത നിർണായകഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ ജൂലിയയോടും കുട്ടികളോടുമൊപ്പം ചേരുക എന്നതിനേക്കാൾ സഖാക്കൾക്കൊപ്പം നിന്ന് പോരാടുക എന്നതിനായിരുന്നു അദ്ദേഹം മുൻതൂക്കം കൊടുത്തത്. ദുർബലമായ ശരീരംകൊണ്ട് 1926 നവംബർ എട്ടിന് ഗ്രാംഷി അങ്ങനെ ഫാസിസത്തെ എതിരിടാനുള്ള ചിന്താവിപ്ലവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃത്യം നൂറുവർഷം മുന്പ്!









0 comments