പഠനത്തിൽ പിന്നിലായവർക്ക്‌ 'ശ്രദ്ധ' ; പ്രത്യേക 
പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്‌

sradha project
avatar
ബിജോ ടോമി

Published on Aug 16, 2025, 02:01 AM | 1 min read


തിരുവനന്തപുരം

സർക്കാർ വിദ്യാലയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ മുൻനിരയിൽ എത്തിക്കാൻ ‘ശ്രദ്ധ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്‌. മൂന്ന്‌, അഞ്ച്‌, എട്ട്‌ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ്‌ പദ്ധതി. കഴിഞ്ഞ അധ്യയന വർഷം ഏഴാം ക്ലാസിൽ വാർഷിക പരീക്ഷയിൽ മലയാളം, ഇംഗ്ലീഷ്,സയൻസ്, സാമൂഹ്യശാസ്‌ത്രം, ഗണിതം വിഷയങ്ങളിൽ ഏതിലെങ്കിലും ഡി ഗ്രേഡ്‌ ലഭിച്ച കുട്ടികളെയും രണ്ട്‌, നാല്‌ ക്ലാസുകളിൽ സി ഗ്രേഡ്‌ എങ്കിലും ലഭിക്കാത്ത കുട്ടികളെയുമാണ്‌ "ശ്രദ്ധി'ക്കുക.


അധ്യയന സമയത്തിനു പുറമേ ഒരു മണിക്കൂർ അധികം കണ്ടെത്തി കുട്ടികൾക്ക് പ്രത്യേക ക്ലാസ്‌ നൽകും. ആഗസ്ത്‌ മുതൽ 2026 ഫെബ്രുവരി വരെ 150 മണിക്കൂർ എങ്കിലും പദ്ധതിക്ക്‌ വേണ്ടി വിനിയോഗിക്കും.


പിടിഎ യോഗങ്ങൾ കൂടി പദ്ധതിയെക്കുറിച്ച്‌ അവബോധം നൽകണം. രക്ഷകർത്താക്കളുടെ യോഗം ഓരോ ടേമിലും ചേർന്ന് പഠനപുരോഗതി സംബന്ധിച്ച വിവരങ്ങൾ കൈമാറണം. ശ്രദ്ധയുടെ ഭാഗമായ കുട്ടികളുടെ ലിസ്റ്റ്‌ വിദ്യാഭ്യാസ ഓഫീസർമാർ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരിൽ നിന്നു ശേഖരിച്ച് 20-നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്‌ സമർപ്പിക്കണം. പദ്ധതിക്ക്‌ വേണ്ടി അനുവദിക്കുന്ന തുകയുടെ 60 ശതമാനം കുട്ടികൾക്ക്‌ ലഘുഭക്ഷണത്തിനും 40 ശതമാനം പഠനസാമഗ്രികൾ വാങ്ങുന്നതിനും വിനിയോഗിക്കും. ജില്ലാ, സംസ്ഥാനതല നിരീക്ഷണ സമിതികൾ പഠനപുരോഗതി വിലയിരുത്തുന്നതിനായി സന്ദർശനം നടത്തണം. ജില്ലാതല നിരീക്ഷണ സമതിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ചെയർമാനും ഡയറ്റ് പ്രിൻസിപ്പൽ കൺവീനറുമാണ്‌.


കുട്ടികളുടെ ലിസ്റ്റ്‌ ലഭ്യമാക്കുന്ന മുറക്ക്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന്‌ ഫണ്ട്‌ അനുവദിക്കുക. സ്‌കൂളുകൾ ഇ‍ൗ തുക കൃത്യമായാണ്‌ വിനിയോഗിക്കുന്നതെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം.



deshabhimani section

Related News

View More
0 comments
Sort by

Home