24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ഡോക്ടർമാരെ വെല്ലുവിളിച്ച് മന്ത്രി

സ്വന്തം ലേഖിക
Published on Aug 31, 2026, 01:30 AM | 1 min read
തിരുവനന്തപുരം:
ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാരെ വെല്ലുവിളിച്ച് മന്ത്രി കെ മുരളീധരൻ. ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുമെന്നും അതിന്റെ പേരിൽ പ്രസ്താവന ഇറക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി കേഡറിലുൾപ്പെടെ സംസ്ഥാനത്ത് എണ്ണൂറിലധികം ഡോക്ടർമാരുടെ ഒഴിവ് നികത്താതെ പദ്ധതി പ്രായോഗികമാകില്ലെന്ന കെജിഎംഒഎയുടെ വാദമാണ് മന്ത്രിയുടെ ഭീഷണിക്കുപിന്നിൽ.
ഒൗദ്യോഗികമായി ഒരാവശ്യവും അറിയിച്ചില്ലെന്നും മന്ത്രി ആരോപിച്ചു.
23നാണ് സ്പെഷ്യാലിറ്റി സേവനം സംബന്ധിച്ച് പ്രഖ്യാപിച്ചത്. 24ന് പ്രയോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് കെജിഎംഒഎ മന്ത്രിക്ക് കത്തയച്ചു. കെജിഎംഒഎയെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആദ്യംപറഞ്ഞ മന്ത്രി വിമർശങ്ങൾക്ക് പിന്നാലെ നിലപാട് മാറ്റി.
ഞായാറാഴ്‌ച ഉച്ചയ്‌ക്കുശേഷം നടന്ന ചർച്ചയിൽ, ഡോക്ടർമാരെ നിയമിക്കുമെന്ന് പ്രതിനിധികൾക്ക് ഉറപ്പുനൽകി. പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. നിലവിലുള്ള ഡോക്ടർമാരെ പുനർവിന്യസിക്കുന്നത് തുടരും. വിന്യസിക്കുന്ന സ്‌പെഷ്യലിസ്റ്റുകള്‍ക്ക് അലവന്‍സ് നൽകും.
തുടർ ഒഴിവുകളിൽ എൻഎച്ച്‌എം വഴി നിയമനം നടത്താനാണ് നീക്കം. ഒഴിവുകൾ പിഎസ്‌എസിക്ക് റിപ്പോർട്ട് ചെയ്യാതെയുള്ള നീക്കം അനധികൃത നിയമനത്തിന് സാധ്യത തുറന്നിടുന്നുണ്ട്. നിയമനം വൈകുന്ന അസി. സർജൻ തസ്തികയിലും മന്ത്രി നിലപാട് വ്യക്തമാക്കിയില്ല. നിലവിലുള്ള സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ എണ്ണത്തെക്കുറിച്ചോ ഒഴിവുകളെക്കുറിച്ചോ ധാരണയില്ലാതെ 24 മണിക്കൂറും സേവനം പ്രഖ്യാപിച്ചത് മന്ത്രിയുടെ പിആർ സ്റ്റണ്ടാണെന്ന ആരോപണം ശക്തമാണ്.










0 comments