ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ ഉരുണ്ടു കളിച്ച് മന്ത്രി

കെ മുരളീധരൻ
തിരുവനന്തപുരം : സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടിയില്ലാതെ മന്ത്രി കെ മുരളീധരൻ. കാര്യങ്ങൾ തീരുമാനിച്ചത് മുഖ്യമന്ത്രിയാണെന്ന് വ്യക്തമാക്കിയ മന്ത്രി, പരസ്പരവിരുദ്ധമായ ന്യായീകരണങ്ങളാണ് നിരത്തിയത്. നിയമനം താൻ അറിഞ്ഞിരുന്നില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
ശബരിമല സ്വർണക്കവർച്ചാകേസിൽ പ്രതിക്ക് വേണ്ടി ഹാജരായ വക്കീലിനെ തന്നെയാണല്ലോ ഇപ്പോൾ സർക്കാരിനുവേണ്ടി വാദിക്കാൻ വരുന്നത് എന്ന ചോദ്യം ഉന്നയിച്ചപ്പോൾ, പ്രതിയുടെ ദൗർബല്യങ്ങൾ അറിയാവുന്ന വക്കീലായതുകൊണ്ട് അത് നല്ല കാര്യമാണെന്നും എല്ലാം മന്ത്രി സഭയുടെ കൂട്ട് ഉത്തരവാദിത്തമാണെന്നുമുള്ള വിചിത്ര ന്യായീകരണമാണ് മന്ത്രി നൽകിയത്.
വയനാട്ടിലെ സാഹചര്യം വിലയിരുത്താൻ കഴിഞ്ഞ ദിവസം അവിടെ സന്ദർശനം നടത്തിയിരുന്നുവെന്നും, താൻ അന്ന് ക്യാബിനറ്റിൽ ഉണ്ടായിരുന്നില്ലെന്നും അതിനാൽ സ്പെഷ്യൽ പ്ലീഡറുടെ നിയമനം മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും ചൂണ്ടിക്കാട്ടി മന്ത്രി ഒഴിഞ്ഞുമാറി. ഈ നിയമനം യുഡിഎഫ് നേരത്തെ സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമല്ലേയെന്ന ചോദ്യത്തിന്, ഒരു കാരണവശാലും പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന മറുപടിയോടെ അദ്ദേഹം ഇതിനെ ന്യായീകരിച്ചു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് നേരെയും കടുത്ത വിമർശനം ഉന്നയിക്കുന്ന രീതിയിലായിരുന്നു മന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അതിന്റെ തിരക്കിലായിപ്പോയതാകാം ചിലയിടങ്ങളിലെ പാളിച്ചകൾക്ക് കാരണമെന്ന് പറഞ്ഞ് വീഴ്ച സമ്മതിച്ച അദ്ദേഹം, തനിക്ക് ഈ വകുപ്പ് ലഭിച്ചതിന് ശേഷം പരമാവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും നിലവിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.
സ്വർണക്കവർച്ചയിൽ കോൺഗ്രസ് നേതാക്കളുടെ ബന്ധം ദുരൂഹമായി തുടരുമ്പോഴാണ് ഈ നിയമനം. ശബരിമലയിലെ ദ്വാരപാലക ശിൽപ പാളികളിലെയും ശ്രീകോവിലിൻ്റെ വാതിൽ പടിയിലെയും സ്വർണ്ണം കവർന്ന കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്.










0 comments