print edition കീഴ്‌വഴക്കം ലംഘിച്ച് പുതിയ തസ്‌തിക; മുഖ്യമന്ത്രിക്കായി ഹൈക്കോടതിയിൽ പ്രത്യേക അഭിഭാഷകൻ

സ്വന്തം ലേഖകൻ
Published on Aug 03, 2026, 01:30 AM | 1 min read
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനുവേണ്ടി ഹൈക്കോടതിയിൽ പ്രത്യേക അഭിഭാഷകൻ. മുഖ്യമന്ത്രിയുടെ സീനിയര്‍ ലീഗല്‍ കോണ്‍സല്‍ എന്ന തസ്തിക സൃഷ്ടിച്ച് ജോണ്‍ വര്‍ഗീസിനെയാണ് നിയമിച്ചത്. അഡ്വക്കറ്റ് ജനറലിന്റേതിന് തുല്യമായ ശമ്പളവും ആനുകൂല്യവും നൽകും. ഹാജരാകുന്ന ഓരോ കേസിനും വേറെ പ്രതിഫലവുമുണ്ട്.
ഹൈക്കോടതിയിലെ കേസുകൾക്കുമാത്രമായി പ്രത്യേക അഭിഭാഷകനെ മുഖ്യമന്ത്രിക്കായി നിയമിക്കുന്ന കീഴ്‌വഴക്കമില്ല. അഡ്വക്കറ്റ് ജനറലും അഡീഷണൽ അഡ്വക്കറ്റ് ജനറലുമുൾപ്പെടെ 140 അഭിഭാഷകർ ഹൈക്കോടതിയിലുണ്ട്. മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന വകുപ്പുകൾക്ക് ഗവ. പ്ലീഡർമാരുമുണ്ട്. ഇതിനുപുറമേയാണ് സീനിയര്‍ ലീഗല്‍ കോണ്‍സല്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 120 അഭിഭാഷകരാണുണ്ടായിരുന്നത്.
അടുത്തിടെ കൂടുതൽ തസ്‌തിക സൃഷ്ടിച്ചു. സ്റ്റേറ്റ് അറ്റോര്‍ണിയുടെ തസ്‌തിക അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന് തുല്യമാക്കി ഉത്തരവിറക്കിയത് ദിവസങ്ങള്‍ക്കുമുമ്പാണ്. അനൂപ് വി നായരാണ് സ്‌റ്റേറ്റ് അറ്റോർണി. അഡീഷണൽ അഡ്വക്കറ്റ് ജനറലിന്റെ വേതനവും മറ്റ് അലവൻസുകളും അനൂപിനും ലഭിക്കും. സാമ്പത്തികപ്രയാസം പറഞ്ഞ് ഒരുവശത്ത് പദ്ധതി വെട്ടിച്ചുരുക്കാൻ വകുപ്പുകളോട് ആവശ്യപ്പെടുകയും തദ്ദേശസ്ഥാപനങ്ങൾക്ക് വിഹിതം നൽകാതിരിക്കുകയും ചെയ്യുമ്പോഴാണ് അധികചെലവ്.








0 comments