പകുതി വില തട്ടിപ്പ് കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: പകുതിവിലയ്‌ക്ക് ഇരുചക്രവാഹനമുൾപ്പെടെ നൽകാമെന്ന് വാഗ്‌ദാനംചെയ്‌ത് ആയിരക്കണക്കിന് ആളുകളിൽനിന്ന് കോടികൾ തട്ടിയെടുത്തതിലുള്ള കേസ് അന്വഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് എസ്പി സോജൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും. ഡിവൈഎസ്പിമാരും സിഐമാരും ഉൾപ്പടെ 81 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെയും സൈബർ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്.
കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷുകളിൽ രജിസ്‌റ്റർചെയ്‌ത 34 കേസുകളാണ് നിലവിൽ കൈമാറിയത്. ഇതുമാത്രം 37 കോടിയുടേതുവരും. മറ്റു ജില്ലകളിലുള്ള പരാതികളും രജിസ്‌റ്റർചെയ്യുന്ന മുറയ്‌ക്ക് ക്രൈം ബ്രാഞ്ചിന് കൈമാറും. 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കണം.
നഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. പ്രധാന കമ്പനികൾ നിർബന്ധപൂർവം ചെലവഴിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (സിഎസ്‌ആർ) ഉപയോഗിച്ച് പകുതിവില സബ്‌സിഡി നൽകുമെന്നും ബാക്കി തുക ഗുണഭോക്താവ് അടച്ചാൽ ഇരുചക്രവാഹനം, ലാപ്‌ടോപ്പ്, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്നുമായിരുന്നു വാഗ്‌ദാനം. തിരുവനന്തപുരം തോന്നയ്‌ക്കൽ സായിഗ്രാമം ഗ്ലോബൽ ചെയർമാൻ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനും ഇടുക്കി സ്വദേശി അനന്തുകൃഷ്‌ണൻ അഖിലേന്ത്യ കോ– ഓർഡിനേറ്ററുമായാണ് കോൺഫെഡറേഷൻ പ്രവർത്തിച്ചത്.
മൂവാറ്റുപുഴയിൽ രജിസ്‌റ്റർചെയ്‌ത കേസിൽ അനന്തുകൃഷ്‌ണൻ റിമാൻഡിലാണ്. പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് ലക്ഷക്കണക്കിന് രൂപ നൽകിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണനായിരുന്നു എറണാകുളത്ത് ആളുകളെ ചേർത്തതിൽ പ്രധാന നേതൃത്വം വഹിച്ചത്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെതിരെ കണ്ണൂരിലും മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എംഎൽഎയ്‌ക്കും കെ എൻ ആനന്ദകുമാറിനുമെതിരെ പെരിന്തൽമണ്ണയിലും കേസ് രജിസ്‌റ്റർചെയ്‌തിട്ടുണ്ട്.









0 comments