ad
Deshabhimani

'ക്ലാസിലെ വികൃതിക്കുട്ടി' ലീഡറായ കഥ; പുസ്തകോത്സവ വേദിയിൽ മനസ് തുറന്ന് സ്പീക്കർ എ എൻ ഷംസീർ

anshamseer
വെബ് ഡെസ്ക്

Published on Jan 11, 2026, 06:24 PM | 1 min read

തിരുവനന്തപുരം: "ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയെ പിടിച്ച് ക്ലാസ് ലീഡറാക്കി എന്നായിരുന്നു സ്പീക്കർ പദവിയിലെത്തിയപ്പോൾ വന്ന പരിഹാസം. പക്ഷേ ട്രോളുകളെ അതിന്റെ സ്പിരിറ്റിൽ എടുത്ത് ആസ്വദിക്കാറുണ്ട്."കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിവസം 'എന്റെ നിയമസഭ ജീവിതം' സെഷനിൽ എൻ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ. രാഷ്ട്രീയ ഗുരുവായ കോടിയേരിയുടെ ചരമ ഉപചാരം വായിച്ചുകൊണ്ടാണ് സ്പീക്കറായുള്ള തുടക്കമെന്നത് വലിയ സങ്കടമായി. വലിയ വേദന ഉൾക്കൊണ്ടാണ് ആ ഉത്തരവാദിത്തം നിർവഹിച്ചത്.


2016ൽ ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ ഒരു കുട്ടി സ്കൂളിൽ പോകുന്ന ആകാംക്ഷയായിരുന്നു തനിക്ക്. ഒരു എംഎൽഎ ആവുക എന്നത് ചെറുപ്പത്തിലെ ആഗ്രഹമായിരുന്നു. എന്നാൽ സഭയിലെ 24-ാമത് സ്പീക്കറാവുക എന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി ഉൾപ്പെടെ താൻ ജനിക്കുന്നതിന് മുൻപേ സഭയിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾ ഉള്ളപ്പോൾ സ്പീക്കർ ആകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വന്യജീവി-മനുഷ്യ സംഘർഷങ്ങളിൽ താൻ മനുഷ്യപക്ഷത്ത് മാത്രമാണ് നിൽക്കുന്നതെന്ന് സ്പീക്കർ വ്യക്തമാക്കി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, വി ശിവൻകുട്ടി എന്നിവരാണ് സ്പീക്കർ ഓഫീസിലെ നിത്യ സന്ദർശകർ. മന്ത്രി ഗണേഷ് കുമാറുമായും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.


പുസ്തകോത്സവം വലിയ വിജയം


മുൻ സ്പീക്കറും ഇപ്പോൾ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം ബി രാജേഷിൻ്റെ ആശയമായ നിയമസഭ പുസ്തകോത്സവത്തെ വലിയ വിജയമാക്കി മാറ്റാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഷംസീർ പറഞ്ഞു. തെയ്യം പോലുള്ള സാംസ്കാരിക കലാരൂപങ്ങൾക്ക് വേദിയിൽ പ്രാധാന്യം നൽകിയതും നിയമസഭ ജീവനക്കാരുടെ കഠിനാധ്വാനവും പുസ്തകോത്സവത്തിന്റെ മാറ്റുകൂട്ടി.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home