ad
Deshabhimani

'സ്പെയിനിൽ 8 മാസം, ഇവിടെ 10 മിനിറ്റ്'; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കൈയടിച്ച് വിദേശ സഞ്ചാരി

spain.jpg
വെബ് ഡെസ്ക്

Published on Jan 15, 2026, 06:56 PM | 1 min read

ആലപ്പുഴ: കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ മികവിനെ വാനോളം പുകഴ്ത്തി സ്പാനിഷ് വിനോദസഞ്ചാരി വെറോനിക. ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ തന്റെ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് വെറോനിക കേരളത്തിന് ഹൃദയപൂർവ്വം കൈയടിച്ചത്.


വെറും പത്ത് മിനിറ്റിനുള്ളിൽ വിദഗ്ദ്ധ ഡോക്ടറുടെ സേവനം ലഭ്യമായത് അവിശ്വസനീയമാണെന്ന് താരം കുറിച്ചു. "എന്റെ രാജ്യമായ സ്പെയിനിൽ ഒരു ത്വക്ക് രോഗവിദഗ്ദ്ധനെ കാണണമെങ്കിൽ എട്ടു മാസത്തോളം കാത്തിരിക്കണം. എന്നാൽ ഇവിടെ ആശുപത്രിയിലെത്തി രജിസ്റ്റർ ചെയ്ത് 10 മിനിറ്റിനകം എനിക്ക് ഡോക്ടറെ കാണാൻ സാധിച്ചു.


ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് ഇത്രയും വേഗത്തിൽ മികച്ച സേവനം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല,"- വെറോനിക വീഡിയോയിൽ പറഞ്ഞു. പുതുവർഷത്തിൽ മുഖക്കുരുവിന് ചികിത്സ തേടിയാണ് ഇവർ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിയത്.


ഡെർമറ്റോളജിസ്റ്റ് ഡോ. വി ബിന്ദുവിനെ കണ്ട വെറോനികയ്ക്ക് ആശുപത്രി ഫാർമസിയിൽ നിന്ന് സൗജന്യമായി മരുന്നുകളും ലഭിച്ചു. 'വെറോനിക്കമഞ്ച' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവെച്ച റീൽ ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേരാണ് കണ്ടത്.


കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന ഈ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുതെന്ന് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.


ഒരു വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന വെറോനിക കേരളത്തിന്റെ ആരോഗ്യ മോഡൽ ലോകത്തിന് മാതൃകയാണെന്നും കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രി വീണാ ജോർജും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home