മാലിന്യ സംസ്കരണ വാർത്ത ചിലർ മദ്യക്കുപ്പിയിൽ ഒതുക്കി: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാനുള്ള സർക്കാർ നടപടികൾ വിശദീകരിച്ചപ്പോൾ ചില മാധ്യമങ്ങൾ അത് മദ്യക്കുപ്പിയിൽ മാത്രമൊതുക്കിയെന്ന് മന്ത്രി എം ബി രാജേഷ്. വീടുകളിലെ ഉറവിട മാലിന്യ സംസ്കരണം നടത്തുന്നവർക്ക് വസ്തു നികുതിയിൽ അഞ്ച് ശതമാനം നികുതി ഇളവ് ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ദേശാഭിമാനിയും ദി ഹിന്ദുവും എല്ലാം വാർത്തയാക്കിയപ്പോൾ കേരള കൗമുദി നികുതിയിളവ് പ്രധാന വാർത്തയാക്കി. സ്കോളർഷിപ്പ് സംബന്ധിച്ച് മാതൃഭൂമിയും ഒരു വാർത്ത നൽകി. എന്നാൽ മദ്യക്കുപ്പിയുടെ വാർത്ത മാത്രമാണ് മറ്റ് മാധ്യമങ്ങൾ നൽകിയത്. അതുതന്നെ പലരും അൽപ്പം വളച്ചൊടിച്ച് മദ്യത്തിന് വില കൂടും എന്ന മട്ടിലാണ് നൽകിയത്. വില കൂട്ടുന്നില്ല. കുടിച്ച ശേഷം മദ്യക്കുപ്പി വലിച്ചെറിയണമെന്ന് നിർബന്ധമുള്ളവർക്ക് 20 രൂപ നഷ്ടമാകുമെന്ന് മാത്രം. അതൊഴിവാക്കാൻ വലിച്ചെറിയാതിരുന്നാൽ പോരേയെന്നും ജനങ്ങളറിയേണ്ട വളരെ പ്രധാനപ്പെട്ട നാല് കാര്യങ്ങളാണ് മദ്യക്കുപ്പിയിൽ അകപ്പെട്ടുപോയതെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
പ്രധാനപ്പെട്ട 5 കാര്യങ്ങൾ, പക്ഷേ...
1. വീടുകളിൽ ഉറവിട മാലിന്യ സംസ്കരണം നടത്തുന്നവർക്ക് വസ്തുനികുതിയിൽ 5% ഇളവ്.
2. കേരളത്തിലെ സാനിറ്ററി മാലിന്യം പൂർണമായും സംസ്കരിക്കാനുള്ള നാല് മേഖലാതല പ്ലാന്റുകൾ ആറ് മാസത്തിനകം സ്ഥാപിക്കും.
3. കേരളത്തിലെ അജൈവ ഖരമാലിന്യം പൂർണമായും, പ്രതിദിനം 720 ടൺ സംസ്കരിക്കാനുള്ള 6 മേഖലാതല പ്ലാന്റുകൾ അഞ്ച് മാസത്തിനുള്ളിൽ സ്ഥാപിക്കും.
4. അൻപതിനായിരം വിദ്യാർഥികൾക്ക് 1500 രൂപയുടെ ശുചിത്വ സ്കോളർൽഷിപ്പ് ഈ വർഷം നടപ്പിലാക്കും. ശുചിത്വ ബോധവത്കരണം, ശുചിത്വശീലങ്ങൾ വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സ്കോളർഷിപ്പ്.
5. മദ്യക്കുപ്പിക്ക് 20 രൂപ നിക്ഷേപമായി ഈടാക്കി, ക്യുആർ കോഡ് പതിപ്പിച്ച സ്റ്റിക്കറുള്ള കുപ്പി ബെവ്കോ ഔട്ട്ലറ്റിൽ തിരിച്ചേൽപ്പിച്ചാൽ 20 രൂപ തിരിച്ചുനൽകും. മദ്യക്കുപ്പികൾ വലിച്ചെറിയുന്നതു തടയാനാണ് ഈ പദ്ധതി. പ്രതിവർഷം 70 കോടി മദ്യക്കുപ്പികളാണ് ഉണ്ടാകുന്നത്. അവ മുഴുവൻ മാലിന്യമായി വലിച്ചെറിയപ്പെടുന്നത് തടയാൻ ഇത് സഹായിക്കും.
ഇന്നലെ വാർത്താസമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയായിരുന്നു. പക്ഷെ, മിക്ക മാധ്യമങ്ങളും ആദ്യ നാല് വാർത്തയും കൊടുത്തതേയില്ല. ദേശാഭിമാനിയും ദി ഹിന്ദുവും എല്ലാം കൊടുത്തു. കേരള കൗമുദി നികുതിയിളവ് പ്രധാന വാർത്തയാക്കി, സ്കോളർഷിപ്പ് സംബന്ധിച്ച് മാതൃഭൂമിയും ഒരു വാർത്ത നൽകുകയുണ്ടായി. മദ്യക്കുപ്പിയുടെ വാർത്ത മാത്രമാണ് മറ്റ് മാധ്യമങ്ങൾ നൽകിയത്. അതുതന്നെ പലരും അൽപ്പം വളച്ചൊടിച്ച് മദ്യത്തിന് വില കൂടും എന്ന മട്ടിലും. വില കൂട്ടുന്നില്ല. കുടിച്ച ശേഷം മദ്യക്കുപ്പി വലിച്ചെറിയണമെന്ന് നിർബന്ധമുള്ളവർക്ക് 20 രൂപ നഷ്ടമാകുമെന്ന് മാത്രം. അതൊഴിവാക്കാൻ വലിച്ചെറിയാതിരുന്നാൽ പോരേ?
ജനങ്ങളറിയേണ്ട വളരെ പ്രധാനപ്പെട്ട നാല് കാര്യങ്ങളാണ് മദ്യക്കുപ്പിയിൽ അകപ്പെട്ടുപോയത്









0 comments