ad
Deshabhimani

print edition തുടർഭരണം മോശമെന്ന നിലപാട്‌ 
ചിലർക്ക്‌ മുന്‍പുണ്ടായിരുന്നില്ല: പിണറായി

pinarayi vijayan.jpg
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

കണ്ണൂർ: കോൺഗ്രസും ബിജെപിയും പലതവണ തുടർച്ചയായി രാജ്യം ഭരിച്ചപ്പോഴൊന്നും തുടർഭരണം മോശമാണെന്ന അഭിപ്രായം ഇവിടുത്തെ ബുദ്ധിജീവികളിൽ പലർക്കും ഉണ്ടായിരുന്നില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കപട ഇടതുപക്ഷക്കാരുടെ ഇരട്ടത്താപ്പ്‌ ശ്രദ്ധിക്കണം. തുടർഭരണം അപകടകരമാണെന്ന്‌ ഇവരാരും ബിജെപിയെയും കോൺഗ്രസിനെയും നോക്കി മുന്പ്‌ പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ നോക്കി മാത്രമേ പറഞ്ഞുള്ളൂ. ഇത്‌ ഇടതുപക്ഷത്തോടുള്ള സ്‌നേഹം കൊണ്ടാണെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ‘ഹാ കഷ്ടം’ എന്നേ പറയാനുള്ളൂ. കുവൈത്ത്‌ കല ട്രസ്റ്റിന്റെ കലാപുരസ്‌കാരം നടൻ ഇന്ദ്രൻസിന്‌ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്തി തകർക്കാൻ ഇടതുപക്ഷമെന്ന്‌ സ്വയം വിളിക്കുന്ന ചിലർ കേരളത്തിലുണ്ട്‌. അവരെ പൊക്കിനടക്കാനും വല്ലാത്ത വിശ്വാസ്യത ഉണ്ടാക്കാനും മാധ്യമങ്ങൾ ശ്രമിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ മനസ്സിനെ തകർക്കാൻ ഇടതുതീവ്രവാദികളും വലതുപക്ഷ പിന്തിരിപ്പന്മാരും ഒരേപോലെ ശ്രമിച്ചിട്ടുണ്ട്‌. ഇടതുപക്ഷത്തെ ബലികൊടുത്ത്‌ സ്വന്തം ഇമേജും സ്വീകര്യതയും വർധിപ്പിക്കാൻ നടക്കുന്ന അവസരവാദികൾക്കാണ്‌ വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയും സ്വീകര്യതയും. ഇത്‌ മനസ്സിലാക്കാതെ, കപട ഇടതുപക്ഷക്കാരുടെ വലയിൽ യഥാർഥ ഇടതുപക്ഷക്കാർ ചെന്നുവീഴരുത്‌. വലതുപക്ഷത്തിന്റെ ആക്രമണങ്ങളെ നേരിടാൻ ഇടതുപക്ഷത്തിന്‌ വിഷമമില്ല. യഥാർഥ ഇടതുപക്ഷം എന്നുപറഞ്ഞ്‌ വലതുപക്ഷത്തിന്‌ ആയുധം കൊടുക്കുന്നവരെ നേരിടാൻ വലിയ ജാഗ്രത വേണം.


അതിതീവ്ര ഇടതുപക്ഷ സാഹസികരായി നടിക്കുന്നവർ ഒടുവിൽ അതിതീവ്ര വലതുപക്ഷക്കാരായി അധഃപതിക്കുന്നത്‌ കാണാനാകും. ഇടതുപക്ഷത്തെ തകർക്കാൻ പലഘട്ടങ്ങളിലും പല ആയുധങ്ങളും ഇവർ നൽകിയിട്ടുണ്ട്‌. അതിലൊന്നാണ്‌ ‘പ്രത്യയശാസ്‌ത്രം കൊള്ളാം, പാർടി കൊള്ളില്ല’ എന്നത്‌. ‘പാർടി കൊള്ളാം, നേതാക്കൾ കൊള്ളില്ല’ എന്നാണ്‌ മറ്റൊരു വാദം. പഴയ നേതാക്കൾ കൊള്ളാം, ഇപ്പോഴുള്ളവർ ശരിയല്ലെന്നും പ്രചരിപ്പിക്കുന്നുണ്ട്‌. ഇ‍ൗ പാർടിതന്നെയല്ലേ നേതാക്കളെയെല്ലാം വാർത്തടുത്തത്‌. ജീവിച്ചിരിക്കുന്പോൾ ഇകഴ്‌ത്തുകയും മരിച്ചാൽ വാഴ്‌ത്തുകയും ചെയ്യുന്നതാണ്‌ ഇവരുടെ രീതിയെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home