അനാശാസ്യ കേന്ദ്രത്തിൽ ലൈംഗികത തേടി എത്തുന്നവർക്കെതിരെ പ്രേരണ കുറ്റം നിലനിൽക്കും: കേരള ഹൈക്കോടതി

കൊച്ചി: ലൈംഗിക ആവശ്യത്തിനായി അനാശാസ്യ കേന്ദ്രത്തിൽ എത്തി പണം നൽകുന്നയാളുടെ പേരിൽ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെ സേവനങ്ങൾ ഉപയോഗിക്കുന്ന ഒരാളെ 'ഉപഭോക്താവ്' എന്ന് വിളിക്കാൻ കഴിയില്ല. ലൈംഗികത്തൊഴിലാളിയെ ഒരു 'ഉൽപ്പന്നം' ആയി കാണാനാവില്ല. ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
മിക്ക കേസുകളിലും, മനുഷ്യക്കടത്തിലൂടെയാണ് ലൈംഗികത്തൊഴിലാളികളെ വ്യാപാരത്തിലേക്ക് ആകർഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സുഖംതേടുന്നവർ നൽകുന്ന പണത്തിലേറെയും പോകുന്നത് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരുടെ കൈകളിലേക്കാണ്.
ഇത്തരം കേന്ദ്രങ്ങളിൽ ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാൾക്ക് പണം നൽകി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിനാൽ 1956 ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം കേസെടുക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചു.
തിരുവനന്തപുരം പേരൂർക്കട പോലീസ് 2021-ൽ അനാശാസ്യപ്രവർത്തന നിരോധന നിയമപ്രകാരമെടുത്ത കേസിലാണ് വിധി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതി നൽകിയ ഹർജി പരിഗണിക്കയായിരുന്നു കോടതി.
"അനാശാസ്യകേന്ദ്രത്തിലെത്തി ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ല. ഉപഭോക്താവായി കാണണമെങ്കിൽ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണം. ലൈംഗികത്തൊഴിലാളി ഒരു ഉത്‌പന്നമല്ല
അതിനാൽ അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിനായി പണം നൽകിയയാളുടെപേരിൽ അനാശാസ്യപ്രവർത്തന നിരോധന നിയമത്തിലെ വകുപ്പ് 5(1) ഡി പ്രകാരമുള്ള പ്രേരണക്കുറ്റം നിലനിൽക്കും"- കോടതി പറഞ്ഞു.
അനാശാസ്യ കേന്ദ്രത്തിൽ ഒരു ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാൾ യഥാർത്ഥത്തിൽ ആ ലൈംഗികത്തൊഴിലാളിയെ പണം നൽകി വേശ്യാവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. അതിനാൽ നിയമത്തിലെ സെക്ഷൻ 5(1)(d) പ്രകാരമുള്ള കുറ്റകൃത്യത്തിന് അയാൾക്കെതിരെ കേസ് നിലനിൽക്കും. പ്രേരകനെ ഒരു ഉപഭോക്താവായി വിശേഷിപ്പിച്ചാൽ, അത് മനുഷ്യക്കടത്ത് തടയാനും വേശ്യാവൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിതരായ വ്യക്തികളെ ശിക്ഷിക്കാതിരിക്കാനും ഉദ്ദേശിച്ചുള്ള നിയമത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമായിരിക്കും," ഉത്തരവിൽ പറയുന്നു.
നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ഹർജിക്കാരനെതിരായ നടപടികൾ റദ്ദാക്കിയും നിയമത്തിലെ 5(1)(d), 7 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് പ്രോസിക്യൂഷൻ തുടരാൻ അനുവദിച്ചും ഹൈക്കോടതി ബെഞ്ച് ഹർജി ഭാഗികമായി അനുവദിച്ചു.
കേസ് പശ്ചാത്തലം
2021 മാർച്ചിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പേരൂർക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ കുടപ്പനക്കുന്നിലെ ഒരു വീട്ടിൽ ഹർജിക്കാരനും ഒരു സ്ത്രീയും നഗ്നയായി കിടക്കുന്നതായി കണ്ടെത്തി. കേസിലെ ആദ്യ രണ്ട് പ്രതികൾ മൂന്ന് സ്ത്രീകളെ വിലയ്ക്ക് വാങ്ങി വേശ്യാവൃത്തിക്കായി താൽപ്പര്യമുള്ളവരെ ക്ഷണിച്ചതായി കണ്ടെത്തി.
1956 ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ടിലെ സെക്ഷൻ 3 (വേശ്യാലയം നടത്തിയതിന് ശിക്ഷ), 4 (മറ്റൊരാളുടെ വേശ്യാവൃത്തിയുടെ വരുമാനം കൊണ്ട് ഭാഗികമായി/പൂർണ്ണമായി ജീവിച്ചതിന് ശിക്ഷ), 5(1)(d) (ഒരാളെ വേശ്യാവൃത്തി ചെയ്യാൻ പ്രേരിപ്പിക്കൽ), 7 (പൊതുസ്ഥലങ്ങളിലോ സമീപത്തോ ഉള്ള വേശ്യാവൃത്തിക്കുള്ള ശിക്ഷ) എന്നീ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയ ഈ കേസിൽ മൂന്നാം പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി വിധി.
വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതല്ല താൻ ഒരു ഉപഭോക്താവ് മാത്രമാണെന്നും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിന് കുറ്റം ചുമത്താൻ കഴിയില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.











0 comments