Deshabhimani

അമ്മയെ തലയ്ക്കടിച്ച്‌ പരിക്കേൽപ്പിച്ച സൈനികൻ അറസ്റ്റിൽ

son attacked mother
avatar
സ്വന്തം ലേഖകൻ

Published on Oct 06, 2026, 08:13 AM | 1 min read

​വിളപ്പിൽ : അമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സൈനികൻ അറസ്റ്റിൽ. വെള്ളനാട് നാലുമുക്കിൽ ശ്യാമാഭവനിൽ ശിവപ്രസാദാണ്‌ (37) അമ്മ ഇന്ദിരകുമാരിയെ (60) തലയ്ക്കടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചത്. കോടാലിക്കൈകൊണ്ട് തലയ്ക്ക് അടിക്കുകയും വാൾകൊണ്ട് വെട്ടുകയുമായിരുന്നു. ഇന്ദിരകുമാരിക്ക്‌ തലയിൽ ഗുരുതര പരിക്കുണ്ട്. തിങ്കൾ രാവിലെയാണ് സംഭവം. പഞ്ചാബിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് അവധിക്ക് വന്നതായിരുന്നു. ഒരു കാരണവുമില്ലാതെ അമ്മയുമായി വഴക്കിടുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു.


ഞായർ രാത്രി ഒന്നോടെ അയൽവാസികളായ അനിതാകുമാരി–രാമചന്ദ്രൻ ദമ്പതികളുടെ വീട്ടിലെത്തിയ ശിവപ്രസാദ് വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചതായും വീട്ടിലെ നായ ബഹളം വച്ചതിനെ തുടർന്ന് നായയെ അടിച്ച്‌ കൊന്നതായും വീട്ടുകാർ പറയുന്നു. രാമചന്ദ്രന്റെ ഓട്ടോയുടെ സീറ്റ്, ഗ്ലാസ് എന്നിവയും നശിപ്പിച്ചു. ഈ സംഭവത്തിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


ഇന്ദിരകുമാരിയെ ഉപദ്രവിച്ചതറിഞ്ഞ് സമീപത്തുണ്ടായിരുന്ന സിപിഐ എം ഏരിയ കമ്മിറ്റി അംഗം ശോഭൻകുമാർ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിപിൻ ജോൺ, സുരേഷ്, മനു എന്നിവരെത്തിയപ്പോൾ പ്രതി അക്രമാസക്തനായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഇന്ദിരയെ ഇവരാണ്‌ പേരൂർക്കട ഗവ. ആശുപത്രിയിലേക്ക് എത്തിച്ചത്‌. ആര്യനാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ശിവപ്രസാദിന്റെ പേരിൽ എട്ടോളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024ൽ സ്ത്രീയെ കടന്നുപിടിച്ച കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home