ad
Deshabhimani

ആറ്റുകാൽ പൊങ്കാല: വർഷങ്ങളായി ചെയ്തുവരുന്നതെല്ലാം എങ്ങനെ പെട്ടന്ന് ഈ വർഷം പൊട്ടിമുളച്ചതാകുന്നു ?

attukal pongala

ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍

വെബ് ഡെസ്ക്

Published on Mar 04, 2026, 02:59 PM | 2 min read

തിരുവനന്തപുരം: കാലാകാലങ്ങളായി എല്ലാ വർഷവും മുടങ്ങാതെ നടന്നുവരുന്ന ഒന്നാണ് ആറ്റുകാൽ പൊങ്കാല. തിരുവനന്തപുരത്ത് പൊങ്കാല ഇടാൻ എത്തുന്നവർക്ക് കഴിഞ്ഞ വർഷം വരെ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. ഇത്തവണ മാത്രമാണ് അതിന് ഒരു മാറ്റം വന്നിരിക്കുന്നത്. ആറ്റുകാൽ പൊങ്കാല ഇടാൻ എത്തുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും ആറ്റുകാൽ പൊങ്കാല തന്നെ ഒരു രാഷ്ട്രീയ അജണ്ടയായും രാഷ്ട്രീയ മുതലെടുപ്പായും മാറുന്നത് ഇത്തവണ മാത്രമാണ്. എല്ലാ വർഷങ്ങളിലും ആറ്റുകാൽ പൊങ്കാല സു​ഗമമായി നടക്കുന്നത് നിരവധി മേഖലകളിലുള്ളവർ ഒത്തുചേർന്നുള്ള പരിശ്രമങ്ങളുടെ ഫലമായിരുന്നു. അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനായി ആരും തന്നെ എത്തിയിരുന്നില്ല.


എന്നാൽ ഇത്തവണ സ്ഥിതി അങ്ങനെയല്ല. ആറ്റുകാൽ പൊങ്കാല പരാതികളൊന്നുമില്ലാതെ നടന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് കോർപറേഷന് മാത്രമാണ് എന്നാണ് മേയർ ഉൾപ്പെടെയുള്ളവരുടെ വാദം. പ്രധാന വഴികളിൽ വെള്ളം സ്‍പ്രേ ചെയ്ത് പൊടി ശമിപ്പിക്കാനുള്ള സംവിധാനവും കൃത്രിമ മഴ ഉപയോഗിച്ച് പ്രധാന റോഡുകൾ കഴുകി വൃത്തിയാക്കുന്ന സംവിധാനവും ആദ്യമായി നടപ്പിലാക്കിയത് ഈ വർഷമാണെന്നും മുൻ വർഷങ്ങളിൽ ഇതൊന്നുമില്ലായിരുന്നു എന്നുമാണ്‌ എന്നാണ് കോർപറേഷൻ വാദം. അതിന് ചുക്കാൻ പിടിക്കുകയാണ് കേരളത്തിലെ ഒരു പക്ഷം മാധ്യമങ്ങൾ.


പക്ഷേ മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് പൊളിച്ചടുക്കുകയാണ് സോഷ്യൽമീഡിയ. മുൻവർഷങ്ങളിൽ ഇതിലും ഇതിലും മനോഹരമായാണ് പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നു. പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിക്കുന്നതിനുള്ള തീരുമാനം മുതൽ ന​ഗരം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ വരെ വർഷങ്ങളായി തുടര്‍ന്നുവരുന്നതാണ്. പൊങ്കാല കഴിഞ്ഞാലുടൻ നഗരം വൃത്തിയാക്കി ടാങ്കറിൽ വെള്ളം തളിച്ച് കഴുകുന്ന ശീലം കാലാകാലങ്ങളായി നടക്കുന്ന പ്രക്രിയ ആണ്. സിനിമാഷൂട്ടിംഗിനായി കൃത്രിമ മഴ പെയ്യിക്കുന്ന 'തരംഗിണി' എന്ന ഗ്രൂപ്പാണ് അന്നും ഇന്നും സൗജന്യമായി ഈ സേവനം ചെയ്യുന്നതെന്ന്‌ സമൂഹമാധ്യമങ്ങളിൽ ആളുകൾ ചൂണ്ടിക്കാണിക്കുന്നു. ശുചിത്വമിഷൻ ഡയറക്ടറായിരുന്ന കെ. വാസുകിയാണ്‌ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. പിന്നാലെ കോർപറേഷൻ അത് ഏറ്റെടുത്തു.


കോർപറേഷൻ ആളുകളിൽ നിന്ന് പാത്രങ്ങളും ഗ്ലാസുകളും സംഭാവനയായി സ്വീകരിച്ച് അന്നദാന സമിതിക്കാർക്ക് സൗജന്യമായി വിതരണം ചെയ്തു. പത്തുവർഷത്തിനിപ്പുറം, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ആളുകൾ സ്റ്റീൽ പ്ലേറ്റും കപ്പും കൊണ്ടുവരാൻ തുടങ്ങി. ആ ഒരു അവബോധം തുടർച്ചയായ പ്രചാരണത്തിലൂടെ സൃഷ്ടിച്ചെടുത്തതാണ്.


പൊങ്കാലയുടെ പേരിൽ നാടുനീളെ സൗജന്യ അന്നദാനം ഏറെക്കാലമായുണ്ട്. പൊങ്കാല കഴിഞ്ഞ് വഴിയേ പോകുന്നവരെ തടഞ്ഞുനിറുത്തി ഡിസ്‌പോസിബിൾ ഗ്ലാസിലും മറ്റും വെള്ളം നൽകി നിർബന്ധിച്ച് കുടിപ്പിക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. പൊങ്കാല കഴിയുമ്പോള്‍ ഒട്ടേറെയിടങ്ങളില്‍ പ്ലാസ്റ്റിക്ക് കപ്പുകളും മാലിന്യവും ചിതറിക്കിടക്കും. എന്നാൽ അങ്ങനെ ഭക്ഷണം വിതരണം ചെയ്യുന്നവർ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന ചട്ടം തുടങ്ങിയിട്ട് അധികകാലമായില്ല. പ്രശ്‌നരഹിതമായും മാലിന്യം പരമാവധി കുറച്ചുംമറ്റും ഇത് ക്രമീകരിക്കാൻ തുടങ്ങിയത് വി.കെ. പ്രശാന്ത് മേയറായിരിക്കെയാണ്.


പൊങ്കാലയുടെ ഒരുക്കങ്ങളിൽ തുടങ്ങി, ഉപയോഗിച്ച ഇഷ്ടിക ശേഖരിക്കുന്നതിൽവരെ സന്നദ്ധ സംഘടനകളുടേയും ചെറുപ്പക്കാരുടേയും നിസ്സീമമായ സഹകരണവും അധ്വാനവുമുണ്ടായിരുന്നു. കൃത്യമായ മോണിറ്ററിംഗിലൂടെയാണ് അതെല്ലാം മുന്നോട്ടുകൊണ്ടുപോയിരുന്നത്. വി.കെ. പ്രശാന്തും ആര്യാ രാജേന്ദ്രനും മേയറായിരിക്കെ ഇതെല്ലാം അങ്ങനെതന്നെയായിരുന്നു. രാഷ്ട്രീയഭേദമില്ലാത്ത ഗ്രീൻ ആർമി പോലുള്ള സംഘങ്ങളെ ഇതിനായി ഉപയോഗിച്ചു. അപ്പോഴും റോഡ് വൃത്തിയാക്കുന്നതിലുൾപ്പെടെ കോർപറേഷനിലെ ശുചീകരണ തൊഴിലാളികളുടെ അർപ്പണ ബോധത്തിനായിരുന്നു മുൻതൂക്കം.


ആറ്റുകാൽ പൊങ്കാല ഇതുവരെയുള്ള കോർപ്പറേഷൻ ഭരണസമിതികൾക്കൊന്നും ഒരു രാഷ്ട്രീയ ആയുധമായിരുന്നില്ല. അത്തരത്തിലുള്ള ഒരു മുതലെടുപ്പിനും അവർ ശ്രമിച്ചിരുന്നില്ല. എന്നാൽ ഇത്തവണ എല്ലാവരേയും ഒരുമിപ്പിച്ചു നിര്‍ത്തി കാര്യങ്ങൾ സുഗമമാക്കുന്നതിനുപകരം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് സങ്കീർണമാക്കുകയാണ് ചെയ്തതെന്നും ഇതിന് ചുക്കാന്‍ പിടിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിഞ്ഞ് അവരെ അകറ്റി നിര്‍ത്തണമെന്നുമാണ് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home