വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചേർത്തുപിടിക്കുന്ന ബജറ്റ്; ആശ്വാസകിരണം ധനസഹായം വർധിപ്പിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ സാമൂഹ്യനീതി മേഖലയിലെ പ്രഖ്യാപനങ്ങൾ ജനകീയ സർക്കാരിന്റെ കരുതൽ വ്യക്തമാക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രാജ്യത്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ട വയോജന ബജറ്റ് മുതിർന്ന പൗരർക്കൊപ്പം സർക്കാർ ഉണ്ടെന്നതിന്റെ തെളിവാണെന്നും വിവിധ സാമൂഹ്യവിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന എണ്ണംപറഞ്ഞ പ്രഖ്യാപനങ്ങളാണ് ഇതിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ കൂട്ടിരിപ്പുകാർക്കുള്ള ആശ്വാസകിരണം സഹായധനം 600 രൂപയിൽ നിന്നും 1000 രൂപയായി ഉയർത്തിയത് വലിയൊരു വിഭാഗത്തിന് ആശ്വാസമാകും. പദ്ധതിക്കായുള്ള വിഹിതം 50 കോടിയിൽ നിന്നും 100 കോടി രൂപയാക്കി ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് പ്രാദേശികതലത്തിൽ പരിചരണം ഉറപ്പാക്കുന്നതിനായി 'അൻപ് വീട്' എന്ന പേരിൽ പുതിയ കെയർഹോം പദ്ധതിയും പ്രഖ്യാപിച്ചു. സന്നദ്ധസംഘടനകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ബ്ലോക്ക് തലങ്ങളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് മൂന്ന് കോടി രൂപയാണ് പ്രാരംഭപ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത്.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. വയോജനങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിന് ഉപയുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള 'ന്യൂ ഇന്നിംഗ്സ്' പദ്ധതിയും അവർക്കായി ആരോഗ്യസേവനങ്ങളുമടങ്ങുന്ന 'റിട്ടയർമെന്റ് ഹോമുകളും' പുതിയൊരു വയോജനസംസ്കാരം രൂപപ്പെടുത്തും. വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയും വയോമിത്രം പദ്ധതിയ്ക്കായി 27.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാൻ 'സന്നദ്ധസേന'കളെ സജ്ജമാക്കുന്ന നൂതന പദ്ധതിയും ഇതിന്റെ ഭാഗമാണ്.
ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികച്ച സ്ഥാപനങ്ങളായ നിപ്മറിന് 22.50 കോടിയും നിഷിന് 27.50 കോടിയും ബജറ്റിൽ വകയിരുത്തിയത് ഈ സ്ഥാപനങ്ങൾക്ക് വലിയ ഊർജ്ജമേകും. ഭിന്നശേഷിത്വം നേരത്തെ കണ്ടെത്താനായി അഞ്ച് ഏർളി ഇന്റർവെൻഷൻ സെന്ററുകൾക്കായി 64 കോടി രൂപയും അനുവദിച്ചു. ട്രാൻസ്ജെൻഡർ ശാക്തീകരണത്തിനായുള്ള 'മഴവിൽ' പദ്ധതികൾക്ക് 6 കോടി രൂപയും പകൽവീടുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ 14 കോടി രൂപയും നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു കൂട്ടിച്ചേർത്തു.










0 comments