മുതിര്‍ന്ന പൗരന്മാരുടെ ഏകാന്തത ഇല്ലാതാക്കാന്‍ ഫോണ്‍ സുഹൃത്ത്

ഒറ്റപ്പെടില്ല ; സല്ലപിക്കാം സുഹൃത്തിനൊപ്പം

social justice department kerala
avatar
ജിബിന സാ​ഗരന്‍

Published on Jun 24, 2025, 12:58 AM | 1 min read


തൃശൂർ

മുതിർന്ന പൗരന്മാരുടെ ഏകാന്തത ഇല്ലാതാക്കാൻ സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന ‘സല്ലാപം’ പദ്ധതിക്ക് ആഗസ്‌തിൽ തുടക്കമാകും. മുതിർന്ന പൗരന്മാരും പുറം ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്. വാർധക്യത്തിലെ ഏകാന്തത ഇല്ലാതാക്കാൻ സല്ലാപം പദ്ധതിയിലൂടെ ഫോൺസുഹൃത്തിനെ വയോധികർക്ക് ലഭ്യമാകും. ഇവരോട്‌ ആശയവിനിമയം നടത്തി ഏകാന്തതയിൽ നിന്ന്‌ മോചനം നൽകുകയാണ്‌ ലക്ഷ്യം.


പരിശീലനം ലഭിച്ച എംഎസ്ഡബ്ല്യു വിദ്യാർഥികളാണ് ഫോൺ സുഹൃത്തുക്കളാകുക. എൽഡർലൈൻ പദ്ധതിയുമായി ചേർന്നാണിത് നടപ്പാക്കുന്നത്. ഫോൺ സുഹൃത്തിനെ ആവശ്യമായ മുതിർന്ന പൗരന്മാർ 14567 എന്ന എൽഡർലൈൻ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. അടുത്ത മാസത്തോടെ രജിസ്ട്രേഷൻ പൂർത്തിയാകും. ഇതിനുശേഷം എംഎസ്ഡബ്ല്യു വിദ്യാർഥികൾക്ക് എങ്ങനെ മുതിർന്ന പൗരന്മാരുടെ ഫോൺ സുഹൃത്താകണമെന്നത് സംബന്ധിച്ച് പരിശീലനം നൽകും. എൽഡർ ലൈൻ ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശീലനം.


തുടർന്ന് മാനസിക- സാമൂഹിക പിന്തുണ ആവശ്യമുള്ള മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ വിദ്യാർഥി വളണ്ടിയർമാർക്ക് നൽകും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അവർ മുതിർന്ന പൗരന്മാരോട് ഫോണിലൂടെ സംസാരിക്കും. ഒറ്റപ്പെടൽ ലഘൂകരിക്കാൻ ഈ സംസാരത്തിലൂടെ വയോധികർക്കാകും.


രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സേവനം ലഭ്യമാകുന്ന എൽഡർ ലൈനിലേക്ക് മാസം മൂവായിരത്തിലധികം കോളുകൾ വരുന്നുണ്ട്. സാമൂഹിക പെൻഷൻ, വയോജനങ്ങൾക്കുള്ള സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എൽഡർ ലൈനിലൂടെ ലഭിക്കും. മുതിർന്ന പൗരന്മാരുടെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനാണ് എൽഡർ ലൈൻ മുൻ​ഗണന നൽകുന്നത്. എന്നാൽ ഒറ്റപ്പെടൽ മാറ്റാനും നിരവധി വയോധികർ എൽഡർ ലൈനിലേക്ക് വിളിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സല്ലാപം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. മുതിർന്ന പൗരന്മാർക്ക് പിന്തുണ ആവശ്യമാണെങ്കിൽ ടെലി കൗൺസിലർമാരുടെ സേവനവും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home