ad
Deshabhimani

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

print edition വ്യാജപ്രചാരണത്തിനു പിന്നിൽ 
സ്വകാര്യ ഏജൻസികൾ

sreenarayanaguru open university
വെബ് ഡെസ്ക്

Published on Jun 19, 2026, 12:28 AM | 2 min read

കൊല്ലം: സാധാരണക്കാരായ പഠിതാക്കളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറമേകുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ തള്ളണമെന്ന്‌ വൈസ്‌ ചാൻസലർ പ്രൊഫ വി പി ജഗതിരാജ്.


അക്കാദമിക പ്രവർത്തനം, പരീക്ഷാനടത്തിപ്പ്‌ എന്നിവയെക്കുറിച്ച്‌ ചില മാധ്യമങ്ങളിൽവന്ന വാർത്ത യൂണിവേഴ്‌സിറ്റിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്‌. യുജിസി അംഗീകാരമില്ലാത്ത, പ്രൈവറ്റ് രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാൻ നീക്കങ്ങൾ നടത്തുന്ന ചില സ്വകാര്യ ഏജൻസികളാണ്‌ ഇത്തരം ശ്രമങ്ങൾക്കുപിന്നിൽ.


എല്ലാവിഭാഗം ജനങ്ങൾക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഏറ്റവും കുറഞ്ഞ ഫീസിൽ സാധ്യമാക്കുന്ന യൂണിവേഴ്‌സിറ്റിക്കെതിരെ നടത്തുന്ന ഹീന പ്രചാരണം അവസാനിപ്പിക്കണം. യുജിസി നിയമപ്രകാരം റെഗുലർ മോഡ്, ഓ പ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡ്, ഓൺലൈൻ മോഡ് രീതികളിൽ മാത്രമേ വിദ്യാഭ്യാസം നൽകാനാകൂ. പ്രൈവറ്റ് രജിസ്ട്രേഷന്റെ പേ രിൽ നിയമവിരുദ്ധമായി കോഴ്‌സുകൾ നടത്താൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾ ബിരുദങ്ങൾക്ക് അംഗീകാരമില്ലെന്നത്‌ മറച്ചുവച്ച് വിദ്യാർഥികളെ വെട്ടിലാക്കുകയാണ്.


ഓപ്പൺ സർവകലാശാലയിൽ ഒരു പ്രോഗ്രാമിനും സെമസ്റ്റർ ലാഗില്ല. എല്ലാ പരീക്ഷകളും അക്കാദമിക് കലണ്ടർ പ്രകാരം പൂർത്തിയാക്കും. പഠനസാമഗ്രികൾ ഇന്ത്യ പോസ്റ്റിന്റെ ഗ്യാൻ പോസ്റ്റ് വഴി നേരിട്ട് പഠിതാക്കളുടെ വീടുകളിൽ എത്തിക്കുന്നു. തപാൽ വകുപ്പിന്റെ പ്രത്യേക കൗണ്ടർ യൂണിവേഴ്‌സിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.


84,000- പഠിതാക്കളാണുള്ളത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ്‌ യൂണിവേഴ്‌സിറ്റി സൃ ഷ്ടിക്കുന്നത്‌. ലഭ്യമായ ജീവനക്കാരെയും അധ്യാപകരെയും പരമാവധി ഉപയോഗപ്പെടുത്തിയാണ്‌ യൂണിവേഴ്‌സിറ്റി മുന്നോട്ടുപോകുന്നത്‌. രജിസ്ട്രാർ പ്രൊഫ. അഭിലാഷ് ബാബു, ഫിനാൻസ് ഓഫീസർ എം എസ്‌ ശരണ്യ, പരീക്ഷാ കൺട്രോളർ പ്രൊഫ. എസ്‌ അനന്തരശ്മി, സൈബർ കൺട്രോളർ ടി ബിജുമോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


​നിയമനങ്ങൾ 
നിയമവിധേയം


ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ എല്ലാ നിയമനങ്ങളും നിയമവും സർക്കാർ നിബന്ധനകളും കർശനമായി പാലിച്ചാണ് നടത്തിയിട്ടുള്ളതെന്ന്‌ വൈസ്‌ ചാൻസലർ പ്രൊഫ. വി പി ജഗതിരാജ് പറഞ്ഞു. നിയമനങ്ങളിൽ ഒരു ക്രമക്കേടുമില്ല. ഉയർന്ന ശമ്പളമുള്ള ജോലികളിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌.


​എക്സാം ഓൺ ഡിമാൻഡ്‌ 
പദ്ധതിയും

ആഴ്ച‌യിൽ ഒരു അവധി ദിവസം മാത്രം പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലാത്തതിനാലാണ്‌ ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചത്. എന്നാൽ, ചില പഠിതാക്കളെ ഉപയോഗിച്ച് യൂണിവേഴ്‌സിറ്റിയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രീകൃത ലോബികൾ നിരന്തരം സർക്കാരിനും ഗവർണർക്കും കത്തയച്ച്‌ പരീക്ഷകൾ മാറ്റിവയ്‌ക്കാൻ സമ്മർദം ചെലുത്തുകയാണ്‌.

അക്കാദമിക് വർഷത്തിൽ വിവിധ പരീക്ഷാ സ്ലോട്ടുകൾ പഠിതാക്കൾക്ക് നൽകി അവർക്ക്‌ ഇഷ്ടമുള്ള സ്ലോട്ടുകൾ തെരഞ്ഞെടുത്തു പരീക്ഷയെഴുതാൻ അവസരം ഒരുക്കുന്ന എക്സാം ഓൺ ഡിമാൻഡ്‌ പദ്ധതി അടുത്ത അധ്യയന വർഷം മുതൽ പ്രാവർത്തികമാക്കും. ഓൺസ്ക്രീൻ മൂല്യനിർണയം ഉടൻ നടപ്പാക്കും. ഈ അധ്യയന വർഷം മുതൽ ചോദ്യപേപ്പറുകൾ മലയാളത്തിലും ലഭ്യമാക്കും. പഠനസാമഗ്രികളും മലയാളത്തിൽ ലഭ്യമാക്കുന്നതിന്‌ നടപടി പുരോഗമിക്കുകയാണെന്നും പ്രൊഫ. വി പി ജഗതിരാജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home