സ്വർണ മോതിരമിട്ട പാമ്പ്; ആദ്യം ആശങ്ക, പിന്നീട് അമ്പരപ്പ്

കാസർകോട്: ഇപ്പോൾ എല്ലായിടത്തും പാമ്പുകളെ സംബന്ധിച്ച വാർത്തകളാണല്ലോ പുറത്തുവരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തവും കൗതുകകരവുമായ ഒരു വാർത്തയാണ് കാസർകോട് അടൂരിൽ നിന്ന് വരുന്നത്. വീട്ടിലെ മേശവലിപ്പിൽ സ്വർണമോതിരം ശരീരത്തിൽ കുടുങ്ങിയ നിലയിലാണ് ഇവിടെ ഒരു പാമ്പിനെ കണ്ടെത്തിയത്.
അടൂർ പതിക്കാലിൽ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികൾ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാർ ഭയപ്പെട്ടെങ്കിലും ഉടൻ തന്നെ വനംവകുപ്പിന്റെ റെസ്ക്യൂ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് ചേരയാണെന്ന് മനസ്സിലായത്. അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വർണമോതിരം മേശവലിപ്പിൽ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു.
ദിവസങ്ങളായി മോതിരത്തിൽ കുടുങ്ങിക്കിടന്നതിനാൽ ചേര അവശനിലയിലായിരുന്നു. തുടർന്ന് സ്വർണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്. പാമ്പിനെ കണ്ട് ആദ്യം ആശങ്കപ്പെട്ടെങ്കിലും, മോതിരത്തിൽ കുടുങ്ങിയ നിലയിൽ അതിനെ കണ്ടത് വീട്ടുകാർക്കും കൗതുകമായി.









0 comments