print edition പാമ്പുകടിയേറ്റ് അഞ്ചുപേർ ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം
ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുശല്യം വർധിക്കുന്നു. പാമ്പുകടിയേറ്റ് അഞ്ചുപേർ വിവിധ ജില്ലകളിലായി ആശുപത്രികളിൽ ചികിത്സ തേടി. കായംകുളത്ത് സ്‌കൂൾ വിദ്യാർഥിനിയ്‌ക്കും തോട്ടപ്പള്ളിയിൽ 51വയസ്സുകാരനും പാമ്പുകടിയേറ്റു. എരുവ തറയിൽ സന്തോഷിന്റെ മകൾ അനാമികയ്‌ക്ക്(15) വെള്ളി രാത്രിയാണ് കടിയേറ്റത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് അഞ്ച് ഡോസ് ആന്റിവെനം നൽകിയശേഷം നൂറനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തു. തോട്ടപ്പള്ളി സ്വദേശി സാലിക്ക് വെള്ളി രാത്രി 12.30നാണ് പാമ്പുകടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.
പാമ്പുകടിച്ചെന്ന് സംശയിക്കുന്ന വയോധികനെ ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 68 വയസ്സുള്ള നീണ്ടകര സ്വദേശിയാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോട്ടയത്ത് പാലാ കടനാട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡുമെമ്പറുമായ ജിജി തമ്പിക്ക് വീടിനു സമീപത്തുവച്ച് അണലിയുടെ കടിയേറ്റു.
പാലക്കാട് വെള്ളിനേഴി കോരഞ്ചിറയിൽ അങ്കണവാടി വർക്കർ ശ്രീകൃഷ്ണപുരം കളത്തിൽതൊടി വീട്ടിൽ വിശാല(58)യ്‌ക്ക് പാമ്പുകടിയേറ്റു. ശനിയാഴ്ച രാവിലെ അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ സിമന്റ് ചാക്ക് എടുത്തുമാറ്റിയപ്പോൾ അടിയിലുണ്ടായിരുന്ന പാമ്പ് വലതുകൈയിൽ കടിക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കൊടുമ്പ് കൂട്ടുപാത കുപ്പിയോടിൽ വീട്ടിലെ കിടപ്പുമുറിയിൽ അലമാരയുടെ അടിയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.










0 comments