മെഡി. കോളേജ് ആശുപത്രിയിൽ പുക; ആർക്കും അപകടമില്ല

കോഴിക്കോട്: കോഴിക്കോട് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ യുപിഎസിലുണ്ടായ നിന്ന് പുക ഉയർന്നതിനെ തുടർന്ന് രോഗികളെ മെഡി. കോളേജ് ആശുപത്രിയിലെ വിവിധ ബ്ലോക്കുകളിലേക്കും നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കും മാറ്റി. അത്യാഹിത വിഭാഗത്തിനുള്ളിലെ സിടി, എംആർഐ സ്കാനിങ് കേന്ദ്രത്തിന് സമീപത്തുള്ള യുപിഎസ് മുറിയിൽ നിന്നാണ് രാത്രി ഏഴേ മുക്കാലോടെ പുക ഉയർന്നത്. രാത്രി ഒമ്പതരയോടെ പുക നിയന്ത്രണ വിധേയമാക്കി.
പുക ഉയർന്നതോടെ ആശങ്കയിലായ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്ക് പുറത്തേയ്‌ക്ക് ഓടിയിറങ്ങി. അത്യാഹിത വിഭാഗത്തിന്റെ പ്രധാന കവാടം വഴി പുറത്തേയ്‌ക്ക് പുക പടർന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസും ജീവനക്കാരും രക്ഷാപ്രവർത്തകരും ചേർന്ന് മുഴുവൻ രോഗികളെയും പുറത്തെത്തിച്ചു. പുക നിറഞ്ഞതോടെ അത്യാഹിത വിഭാഗത്തിലെ വൈദ്യുതി ബന്ധം വിഛേദിച്ചു.
നൂറുകണക്കിന് രോഗികളെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. എത്രത്തോളം ആളുകളെ മാറ്റിയെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ അധികൃതർ ശേഖരിച്ചുവരികയാണ്.
വിവരമറിഞ്ഞ് മേയർ ഡോ. ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എം കെ രാഘവൻ എംപി തുടങ്ങി ജനപ്രതിനിധികളും കലക്ടർ സ്നേഹിൽകുമാർ സിങ്, സിറ്റി പൊലീസ് മേധാവി ടി നാരായണൻ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യുപിഎസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്ന് മെഡി. കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം ബി ശ്രീജയൻ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശം നല്‍കി.









0 comments