മാങ്കൂട്ടത്തിലിനെതിരെ മുദ്രാവാക്യം, ബാനർ; വൻ പ്രതിഷേധത്തിനിടെ പ്രതിയെ കോടതിയിലെത്തിച്ച് പൊലീസ്

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷൽ സബ് ജയിലിലുള്ള കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ എത്തിക്കുന്നതിനിടയിൽ വ്യാപക പ്രതിഷേധം. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമീപം നൂറുകണക്കിന് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

ആദ്യബലാത്സംഗക്കേസിലെ പരാതിക്കാരി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാചകമായ ‘Love you to moon and back’ എന്നെഴുതിയ ബാനറുമായാണ് എസ്എഫ്ഐ എത്തിയത്. നാടിനാകെ അപമാനമായ ഇയാൾ നിയമസഭയിൽ ഉണ്ടാകാൻ പാടില്ലെന്നും ലൈംഗികവൈകൃതത്തിന് അടിമയായ ഇയാളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

കോടതിയിൽ എത്തുന്നതിന് മുൻപ് വൈദ്യപരിശോധനയ്ക്കയി തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണുയർന്നത്. വാഹനത്തിൽ നിന്നും രാഹുലിനെ പുറത്തിറക്കാൻ പാടുപെട്ടതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കിയാണ് രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റിയത്.
പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷകസംഘത്തിന്റെ ഹർജി ഇന്ന് പരിഗണിക്കും. കേസ് സംബന്ധിച്ച പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ആവശ്യപ്പെട്ടിരുന്നു. കോടതി അതിജീവിതയുടെ രഹസ്യമൊഴിയെടുക്കും. രാഹുൽ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്ന, തിരുവല്ലയിലെ ഹോട്ടൽ ദൃശ്യങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു.










0 comments