കണ്ണീർമലയിൽ സാന്ത്വനപ്പൂക്കൾ; കവളപ്പാറ ദുരന്തത്തിന് ആറുവർഷം


സ്വന്തം ലേഖകൻ
Published on Aug 08, 2025, 12:50 PM | 2 min read
എടക്കര (മലപ്പുറം): നാടിനെ കണ്ണീരിലാഴ്ത്തിയ കവളപ്പാറ ദുരന്തത്തിന് വെള്ളിയാഴ്ച ആറുവർഷം. 2019 ആഗസ്ത് എട്ടിനാണ് പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പൻ മലയിടിഞ്ഞ് 59 പേർ മരിച്ചത്. 37 വീടുകൾ മണ്ണിനടിയിലായി. 48 മൃതദേഹങ്ങൾ കണ്ടെടുത്തു. 11 പേരെ കണ്ടെത്താനായില്ല.
പുനരധിവാസത്തിന് അതിവേഗം നടപടിയെടുത്ത് സംസ്ഥാന സർക്കാർ ദുരന്തബാധിതരെ ചേർത്തുപിടിച്ചു. പുനരധിവാസത്തിന് 20 കോടി രൂപ സർക്കാർ ചെലവഴിച്ചു. കാണാതായ 11 പേരുടെ ഉൾപ്പെടെ 59 പേരുടെ കുടുംബങ്ങൾക്കും നാലുലക്ഷം രൂപ വീതം 2.36 കോടി നൽകി. 153 കുടുംബങ്ങളുടെ ഭൂമിയും വീടുമാണ് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇവരെ പുനരധിവസിപ്പിച്ചു. 33 പട്ടികവർഗ കുടുംബത്തിന് 12 ലക്ഷം വീതം നൽകി. ഇവരെ ഭൂമി വാങ്ങി പോത്തുകല്ല് ഉപ്പടയിൽ പുനരധിവസിപ്പിച്ചു. ജനറൽ വിഭാഗത്തിന് 10 ലക്ഷം വീതം നൽകി. 24 കുടുംബങ്ങൾ ഞെട്ടിക്കുളത്ത് ഭൂമി വാങ്ങി വീടുവച്ചു. വ്യവസായി എം എ യൂസഫലി വീട് നിർമിച്ച് നൽകിയ 33 പേർക്ക് ഏഴുലക്ഷം വീതം സർക്കാർ നൽകി. പ്രളയത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ച 39 കുടുംബത്തിന് സന്നദ്ധ സംഘടനകൾ വീട് നിർമിച്ചുനൽകി.
രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഭൂദാനം സ്വദേശി അനീഷിന്റെ ഭാര്യക്ക് സംസ്ഥാന സർക്കാർ ജോലി നൽകി. നൂറ് ഏക്കറോളം പ്രദേശമാണ് ദുരന്തത്തിൽ തകർന്നത്. 37 ഏക്കറോളം മൺകൂന വന്നടിഞ്ഞ് നഷ്ടമായി. ഭൂമി നിരപ്പാക്കി കൃഷിക്ക് ഉപയോഗിക്കാൻ നടപടി പുരോഗമിക്കുകയാണ്.
തിരിഞ്ഞുനോക്കാതെ കേന്ദ്ര സർക്കാരും എംപിമാരും
കവളപ്പാറ ദുരന്തബാധിതരെ തിരിഞ്ഞുനോക്കാതെ കേന്ദ്ര സർക്കാരും മണ്ഡലത്തിലെ എംപിമാരും. അഞ്ചുവർഷം സ്ഥലം എംപിയായിരുന്ന രാഹുൽ ഗാന്ധി കവളപ്പാറയ്ക്കായി ഒന്നും ചെയ്തില്ല. പിന്നീട് എംപിയായ പ്രിയങ്ക ഗാന്ധിയും അവഗണന തുടരുന്നു. രണ്ടുപേരും എംപി ഫണ്ടിൽനിന്ന് ഒന്നും ഇൗ നാടിനായി നീക്കിവച്ചില്ല. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരും മുസ്ലിംലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തും കവളപ്പാറക്ക് ചില്ലിക്കാശ് നൽകിയില്ല.
ദുരന്തശേഷം വിഐപി സുരക്ഷാ അകമ്പടിയിലായിരുന്നു രാഹുലിന്റെ കവളപ്പാറ സന്ദർശനം. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലും പങ്കെടുത്തിരുന്നു. പുനരധിവാസത്തിന് ഫണ്ടനുവദിക്കുമെന്ന് അദ്ദേഹം യോഗത്തിൽ വാഗ്ദാനംചെയ്തു. എന്നാൽ ഒരുരൂപ പോലും എംപി ഫണ്ടിൽനിന്ന് ചെലവഴിച്ചില്ല. കേന്ദ്ര സഹായം ലഭ്യമാക്കാൻ ലോക്സഭയിൽ ഉന്നയിക്കാനോ, രേഖാമൂലം ആവശ്യപ്പെടാനോ ഇരുവരും തയ്യാറായില്ല. കേന്ദ്രമന്ത്രിയായിരുന്ന വി മുരളീധരൻ കവളപ്പാറ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതും വെറുംവാക്കായി.









0 comments