print edition കേരളത്തിൽ 2030 ആകുമ്പോൾ ഉണ്ടാകുക 6 വിഭാഗം അധ്യാപകർ; സ്‌കൂളുകളുടെ ഘടനയും മാറും


സ്വന്തം ലേഖകൻ
Published on Sep 14, 2026, 02:55 AM | 2 min read
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ 2030 ആകുമ്പോൾ ഉണ്ടാകുക ആറു വിഭാഗം അധ്യാപകർ. സ്‌കൂൾ ഏകീകരണവുമായി ബന്ധപ്പെട്ട ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ തയ്യാറാക്കിയ കരട് റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് നിർദേശമുള്ളത്. സെക്കൻഡറി ഗ്രേഡ് ഒന്ന്, സെക്കൻഡറി, പ്രൈമറി, ലോവർ പ്രൈമറി, പ്രീ പ്രൈമറി, വർക്ക് എഡ്യൂക്കേഷൻ എന്നിങ്ങനെയാകും ആറ് അധ്യാപക വിഭാഗങ്ങൾ. കരട് റിപ്പോർട്ടിൽ 22നകം അഭിപ്രായം അറിയിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപക–അനധ്യാപക സംഘടനകളോട് നിർദേശിച്ചു.
എല്ലാ വിഭാഗം സ്‌കൂളുകളുടെയും സ്ഥാപനമേധാവി പ്രിൻസിപ്പൽ ആയിരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ. എന്നാൽ, പ്രൈമറി, ലോവർ പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപക തസ്‌തികയെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ‘ഹെഡ് ടീച്ചർ’ എന്ന് നാമകരണം ചെയ്യണമെന്നാണ് കരട് റിപ്പോർട്ടിലെ നിർദേശം. നിലവിലുള്ള 14 ഡിഡിഇ ഓഫീസുകളും ഏഴ് ആർഡിഡി, എഡി ഓഫീസുകളും ഇല്ലാതാകും. പുതിയതായി 14 ജില്ലാ ഓഫീസുകൾ നിലവിൽവരും. ജോയിന്റ് ഡയറക്‌ടറായിരിക്കും ജില്ലാതല ഉദ്യോഗസ്ഥൻ. നിലവിലെ 163 എഇഒ, 41 ഡിഇഒ ഓഫീസുകൾ ഇല്ലാതായി പകരം 220 എസ്‌ഇഒ (സ്‌കൂൾ എഡ്യൂക്കേഷൻ) ഓഫീസുകൾ നിലവിൽവരും.
സെക്കൻഡറിയും ലോവർ സെക്കൻഡറിയുമാകും
സ്‌കൂളുകളുടെ ഘടനയും മാറും. 12–ാം ക്ലാസുവരെയുള്ളവ സെക്കൻഡറി സ്‌കൂൾ, പത്താം ക്ലാസുവരെ ലോവർ സെക്കൻഡറി സ്‌കൂൾ, ഏഴ്, എട്ട് ക്ലാസുവരെ പ്രൈമറി സ്‌കൂൾ, നാല്, അഞ്ച് ക്ലാസുവരെ ലോവർ പ്രൈമറി സ്‌കൂൾ എന്നിങ്ങനെയാകും അറിയപ്പെടുക. സെക്കൻഡറി സ്‌കൂൾ അധ്യാപകർക്ക് ബിരുദാനന്തര ബിരുദവും യുപി സ്‌കൂൾ അധ്യാപകർക്ക് ബിരുദവും അടിസ്ഥാന യോഗ്യതയാകും. യുപി അധ്യാപക തസ്‌തികകൾ 2030 മുതൽ വിഷയാധിഷ്‌ഠിതമാക്കണമെന്നും നിർദേശമുണ്ട്.
ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ കാര്യങ്ങൾ പരിശോധിക്കാനും നേതൃത്വം നൽകാനും 941 പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസർമാരെ നിയമിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇതിനുപകരം 220 അസിസ്റ്റന്റ് സ്‌കൂൾ എഡ്യൂക്കേഷൻ ഓഫീസർമാരെ നിയമിച്ചാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ടിലുള്ളത്. എട്ടാം ക്ലാസ് പ്രൈമറി സ്‌കൂളിന്റെ ഭാഗമാക്കുക, അസിസ്‌റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ (പരീക്ഷ) തസ്തികയ്‌ക്ക് പകരം അസിസ്‌റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ (വിജിലന്‍സ്) തസ്തിക തുടങ്ങി ഖാദർ കമീഷൻ റിപ്പോര്‍ട്ടിലെ പല നിർദേശങ്ങളും അട്ടിറിക്കുന്ന ശുപാര്‍ശകളും കരട് നിർദേശത്തിലുണ്ട്.
കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുന്ന കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2017ലാണ് പ്രൊഫ. എം എ ഖാദറിന്റെ അധ്യക്ഷതയിൽ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്റെ ഒന്നാംഭാഗം 2019ൽ സമർപ്പിക്കുകയും സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും ചെയ്‌തു. രണ്ടാംഭാഗമാണ് ഇനി നടപ്പാക്കാനുള്ളത്.










0 comments