യുഡിഎഫ് മന്ത്രിസഭയിൽ ഈഴവ പ്രാതിനിധ്യം വേണം, 6 പേരെ മന്ത്രിമാരാക്കണം: ശിവഗിരി മഠം

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ ഘടകകക്ഷികളുടെ തർക്കങ്ങൾക്ക് പിന്നാലെ സമുദായ സമവാക്യങ്ങളെച്ചൊല്ലിയുള്ള സമ്മർദ്ദവും ശക്തമാകുന്നു.
ഈഴവ സമുദായത്തിൽ നിന്ന് ജയിച്ചുവന്ന ഒൻപത് പേരിൽ ആറ് പേർക്കെങ്കിലും വരാനിരിക്കുന്ന വിഡി സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം നൽകണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു.
ശിവഗിരി മഠവുമായി ആത്മബന്ധമുള്ള ഒമ്പത് പേർ ഇത്തവണ നിയമസഭയിലേക്ക് ജയിച്ചിട്ടുണ്ടെന്നും അതിൽ ആറ് പേരെ മന്ത്രിമാരാക്കണമെന്ന ആവശ്യം നിയുക്ത മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമത്തിനായി പ്രത്യേക വകുപ്പുള്ളതുപോലെ ഒബിസി വിഭാഗങ്ങൾക്കായി പ്രത്യേക പിന്നാക്ക ക്ഷേമ വകുപ്പും മന്ത്രിയും വേണമെന്നും മഠം ആവശ്യപ്പെടുന്നു.
കേരളത്തിൽ നാൽപ്പത്തിരണ്ടോളം പിന്നാക്ക സമുദായങ്ങളുണ്ടെന്നും ഈ ജനവിഭാഗങ്ങളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് പ്രത്യേക വകുപ്പ് മന്ത്രി അനിവാര്യമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ജാതിമത ഭേദമന്യേ എല്ലാവരുടെയും വോട്ട് വാങ്ങി ജയിച്ചുവരുന്ന ജനപ്രതിനിധികൾ ഭരണം കൈയാളുമ്പോൾ ജാതിമത ഭേദമില്ലാതെ പ്രവർത്തിക്കണം.
ഏതെങ്കിലും പ്രത്യേക ജാതിമത വിഭാഗങ്ങൾക്ക് മാത്രം മന്ത്രിസഭയിൽ അമിത പ്രാതിനിധ്യം നൽകരുതെന്നും, നിയമസഭയിൽ പ്രതിനിധികളില്ലാത്ത പിന്നാക്ക സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നേരത്തെ യുഡിഎഫിന്റെ സ്ഥാനാർത്ഥി ചർച്ചാ വേളയിലും കോൺഗ്രസ് പട്ടികയിലേക്ക് 18 പേരെ ശിവഗിരി മഠം നിർദേശിച്ചിരുന്നതായി സ്വാമി വെളിപ്പെടുത്തി.
പ്രമുഖ നേതാക്കളായ കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർക്ക് പാർട്ടിയിലും ഭരണത്തിലും മതിയായ പ്രാതിനിധ്യം നൽകണമെന്നും, കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നും അന്ന് ശിവഗിരി മഠം കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
മന്ത്രിസഭാ രൂപീകരണത്തിൽ മുന്നണിയിലെ തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നെട്ടോട്ടമോടുന്നതിനിടയിൽ, പ്രധാന സമുദായ സംഘടനകളിൽ നിന്നും ഉയർന്നുവരുന്ന ഇത്തരം ആവശ്യങ്ങൾ പുതിയ സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.










0 comments