ശബരിമല സ്വർണ്ണക്കൊള്ള: കണ്ഠരര് രാജീവർക്ക് ജാമ്യം നൽകരുത്, തന്ത്രിക്കെതിരെ നിർണ്ണായക തെളിവുകളുണ്ടെന്ന് എസ്ഐടി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം. തന്ത്രിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സ്വർണ്ണക്കൊള്ള നടന്നത് തന്ത്രിയുടെ പൂർണ്ണ അറിവോടെയും അനുജ്ഞയോടെയുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ട്.
പല അനധികൃത നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. നിലവിൽ തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള ചികിത്സാ സൗകര്യങ്ങൾ ജയിലിൽ നൽകുന്നുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ സമർപ്പിച്ച ജാമ്യഹർജി വിജിലൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൂട്ടിപ്പോയ നെടുംപറമ്പ് ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്ഥാപനത്തിൽ തന്ത്രി രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നു.
പണം നഷ്ടമായിട്ടും തന്ത്രി പരാതി നൽകാൻ തയ്യാറാകാത്തതാണ് ഇഡിയുടെ സംശയത്തിന് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം ധനകാര്യ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു.










0 comments