print edition സിസ തോമസിന്റെ വ്യാജ പരാതി ; എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി : തടഞ്ഞുവച്ച് ഉപദ്രവിച്ചെന്ന് ആരോപിച്ച് കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് നൽകിയ പരാതിയിൽ കാലടി പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലെ 17 എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് ഹെെക്കോടതി തടഞ്ഞു. വിദ്യാർഥികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഇടക്കാല ഉത്തരവിട്ടത്. ഹർജി വീണ്ടും പരിഗണിക്കുന്ന 11 വരെയാണ് അറസ്റ്റ് വിലക്കിയത്.
പി എസ് അർച്ചന, കെ വി അഭിജിത്, റിതിഷ ഋതു, പി എം അശ്വന്ത്, എം അശ്രിത, ലിബിൻ മാത്യു, അനഘ വി നായർ, കെ ശ്യാംജിത്, ജിഷ്ണു സുരേഷ്, ഡോണ മരിയ, ടി അനശ്വര, കെ പി വിസ്മയ, ഐശ്വര്യ മാധവ്, ദേവിക പ്രദീപ്, അതുല്യ പി അജിത്കുമാർ, എം എസ് ശിവകുമാർ, മൊഹമ്മദ് മിത്-ലാജ് എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്.
സർവകലാശാലയിലെ കെടുകാര്യസ്ഥതയ്ക്കും ഭരണവീഴ്ചയ്‌ക്കുമെതിരെ ആഗസ്‌ത് 13ന് എസ്എഫ്ഐ നടത്തിയ സമരത്തിനെതിരെയാണ് വിസി വ്യാജപരാതി നൽകി കേസെടുപ്പിച്ചത്. വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നും സിൻഡിക്കറ്റ് യോഗം കഴിഞ്ഞ് മടങ്ങിയ തന്നെയും ജീവനക്കാരെയും തടഞ്ഞുവച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. സർവകലാശാലയിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കണമെന്നും ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും കള്ളപ്പരാതിയിലാണ് കേസെടുത്തതെന്നും ഹർജിക്കാർ വാദിച്ചു.
തിയറ്റർ വകുപ്പിലെ ലൈറ്റുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരമാണ് നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഹാജരാക്കി. ആദ്യ എഫ്‌ഐആർ ഇട്ടശേഷം, വിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് ദിവസംകഴിഞ്ഞാണ് ഗുരുതരവകുപ്പ് ചുമത്തി രണ്ടാമത്തെ എഫ്ഐആർ എടുത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിലെ മറ്റ് മൂന്ന് വിദ്യാർഥികൾക്ക് നേരത്തെ പെരുമ്പാവൂർ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. വിദ്യാർഥികൾക്കുവേണ്ടി അഡ്വ. പി കെ വർഗീസ്, അഡ്വ. കെ എസ് അരുൺകുമാർ എന്നിവർ ഹാജരായി.










0 comments