കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇരുവരുടെയും പ്രവർത്തനങ്ങൾ
സിസയും ശിവപ്രസാദും ആർഎസ്‌എസ് ചട്ടുകം ; സർവകലാശാലകളിൽനിന്ന് ഫയലുകളും കടത്തി

തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും ഗവർണർ താൽക്കാലിക വൈസ് ചാൻസിലർമാരെ ഉപ യോഗിച്ചത് ആർഎസ്‌എസിന്റെ കൃത്യനിർവഹണത്തിനായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ് കരുനീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് താൽക്കാലിക വിസിമാരായി സിസ തോമസും കെ ശിവപ്രസാദും സർവകലാശാലകളുടെ തലപ്പത്ത് എത്തിയത്. സർവകലാശാലകളുടെ പ്രവർത്തനത്തെ ബാധിക്കും വിധമായിരുന്നു ഇരുവരുടെയും ഇടപെടലുകൾ.
ഡിജിറ്റൽ സർവകലാശാലയിലും കേരള സർവകലാശാലയിൽ ചുരുങ്ങിയ ദിവസവും താൽക്കാലിക വിസിയായി എത്തിയ സിസ തോമസ് വിവിധ സെക്‌ഷനുകളിൽ നേരിട്ടെത്തി അനധികൃതമായി ഫയലുകൾ ശേഖരിച്ചിരുന്നു. സെക്‌ഷൻ ഓഫീസറെ മാറ്റി കമ്പ്യൂട്ടറിൽനിന്ന് ഫയലുകളുടെ ഫോട്ടോ എടുത്തു. ഏതു ഫയലും നോക്കാൻ വൈസ് ചാൻസലർക്ക് അധികാരമുണ്ടെങ്കിലും രജിസ്‌ട്രാർ വഴിയാണ് വിസിയുടെ ഓഫീസിൽ ഫയലുകൾ എത്തേണ്ടത്. അതിനു തയ്യാറാകാതെ നേരിട്ടെത്തി ഫയലുകൾ ശേഖരിക്കുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് മാത്രം കേരളയിൽ താൽക്കാലിക വിസിയായി ചുമതലയേറ്റപ്പോഴും ഇതേ നടപടിയാണ് സിസയിൽനിന്ന് ഉണ്ടായത്.
മുമ്പ് സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വിസിയായിരുന്ന സിസ സിൻഡിക്കറ്റ് യോഗത്തിന്റെ മിനിറ്റ്‌സ് അനധികൃതമായി രാജ്‌ഭവനിൽ എത്തിച്ചിരുന്നു. ഈ മിനിറ്റ്‌സ് ബുക്ക് ഇതുവരെ സർവകലാശാലയിൽ തിരിച്ച് എത്തിച്ചിട്ടുമില്ല. ഡിജിറ്റൽ സർവകലാശാലയിലും ഇത്തരത്തിൽ ഫയലുകൾ ശേഖരിച്ച്, സാമ്പത്തിക തിരിമറി നടന്നതായി ആരോപിക്കുകയും ഗവർണറുടെ ഓഫീസിലെത്തിച്ച് മാധ്യമങ്ങൾവഴി വാർത്തയാക്കുകയും ചെയ്‌തു.
സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വിസിയായി എത്തിയ കെ ശിവപ്രസാദ് ആകട്ടെ, വിസിയുടെ ഓഫീസിൽ സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ചു. പിആർഒ അടക്കമുള്ള ജീവനക്കാരെ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്‌തു.








0 comments