ഹിയറിങ് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർമാത്രം , പാർടി പ്രതിനിധികളുടെ സാന്നിധ്യമോ മേൽനോട്ടമോ ഇല്ല , അന്തിമ തീരുമാനം ഇആർഒമാർക്ക്
print edition അടിമുടി അപാകം ; വിവരങ്ങൾ പുറത്തുവിടാതെ കമീഷൻ

തിരുവനന്തപുരം
സംസ്ഥാനത്തെ വോട്ടർപട്ടിക തീവ്ര പുനഃപരിശോധന ഹിയറിങ്ങിന്റെ സർവ ഉത്തരവാദിത്വവും മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക്( ഇആർഒ) നൽകിയതിൽ വ്യാപക ആക്ഷേപം. കരട് പട്ടികയിൽ ഉൾപ്പെട്ട 2.54 കോടി വോട്ടർമാരിൽ, 2002-ലെ എസ്ഐആറുമായി ബന്ധിപ്പിക്കാൻ കഴിയാത്ത 19.32 ലക്ഷം പേരാണുള്ളത്. എന്നാലിവരുടെ ബൂത്തുതല വിവരം പ്രസിദ്ധീകരിക്കാനോ രാഷ്ട്രീയ പാർടികൾക്ക് നൽകാനോ കമീഷൻ തയ്യാറായിട്ടില്ല. നോട്ടീസ് ലഭിക്കുമ്പോഴാണ് പലരും ഇത് അറിയുന്നത്.
നോട്ടീസ് ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകണമെന്ന കർശന നിർദേശവുമുണ്ട്. ഇആർഒയുടെ നേതൃത്വത്തിൽ വിവിധ ഉദ്യോഗസ്ഥരാകും ഹിയറിങ് കേന്ദ്രങ്ങളിലുണ്ടാവുക. പാർടി പ്രതിനിധികളുടെ സാന്നിധ്യമോ മേൽനോട്ടമോ ഇല്ലാതെ ഇത് പൂർത്തിയാക്കുന്നത് പരാതിക്കിടയാക്കുമെന്ന വിമർശം ശക്തമാണ്. ഹിയറിങ്ങിന് മുന്നോടിയായി പരമാവധി രേഖ ശേഖരിച്ച് ബിഎൽഒ ആപ്പ് വഴി അപ്‌ലോഡ് ചെയ്യാൻ നേരത്തെ നിർദേശമുണ്ടായിരുന്നു. ഇത്തരത്തിൽ രേഖകൾ ഹാജരാക്കിയവരുടെയും പ്രവാസികളുടെയും ഹിയറിങ് സംബന്ധിച്ച അന്തിമ തീരുമാനം ഇആർഒമാരുടെ വിവേചനാധികാരത്തിന് കമീഷൻ വിട്ടതിലും അപാകതയുണ്ട്. കിടപ്പുരോഗികൾ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എന്നിവരുടെ കാര്യത്തിലും സമാനമായ അനിശ്ചിതത്വം ഉണ്ടാകും. കേന്ദ്രീകൃത മാർഗനിർദേശത്തിന്റെ അഭാവത്തിൽ, ഓരോ മണ്ഡലത്തിലും ഇആർഒമാർ വ്യത്യസ്ത നിലപാടാകും കൈക്കൊള്ളുക.
സിപിഐ എം ഉൾപ്പെടെയുള്ള പാർടികളുടെ തുടർച്ചയായ സമ്മർദത്തിലാണ് കരട്‌പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരം ബൂത്ത് തലത്തിൽ നൽകിയത്. ഇതോടെയാണ് എസ്ഐആറിലെ പാളിച്ച കേരളം തിരിച്ചറിഞ്ഞത്. അർഹതപ്പെട്ട ലക്ഷക്കണക്കിനുപേരെ പട്ടികയിൽനിന്ന് പുറത്താക്കിയെന്ന വസ്തുതയും ജനങ്ങളിലെത്തി. സമാനവീഴ്‌ച ചർച്ചയാകുമെന്ന് ഭയന്നാണ് ഹിയറിങ്ങിലെ വിവരം കമീഷൻ പുറത്തുവിടാത്തത്.
ഹിയറിങ്ങിൽ ചെയ്യേണ്ടതെന്ത്
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഹിയറിങ്ങ് ഘട്ടത്തിലാണ് സംസ്ഥാനം. കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടും 2002ലെ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്തവരെ (19 ലക്ഷം വോട്ടർമാർ) രേഖകൾ ഉപയോഗിച്ച് എസ്‌ഐആറിന്റെ ഭാഗമാക്കുന്ന പ്രക്രിയയാണിത്. ഡിസംബർ 23മുതൽ ഫെബ്രുവരി 14 വരെയാണ് സമയം. മണ്ഡലാടിസ്ഥാനത്തിൽ ഇആർഒമാരാണ് ഹിയറിങ്ങിനുള്ള നോട്ടീസ് പുറപ്പെടുവിക്കുക.
ബിഎൽഒ വഴി സീൽ പതിച്ച നോട്ടീസ് നൽകും. ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റും അതിനൊപ്പമുണ്ടാകും.രേഖ കൈവശമില്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷനൽകണം. ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഈടാക്കരുതെന്നും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാർ നിർദേശം നൽകി. തുടർന്ന് നോട്ടീസിൽ പ്രിന്റ് ചെയ്ത തീയതിയിലും സമയത്തിലും ഹിയറിങ് കേന്ദ്രത്തിലെത്തണം.
ഇൗ തീയതിയിൽ ഹാജരാകാൻ സാധിക്കാത്തപക്ഷം അക്കാര്യം ബിഎൽഒ വഴി ഇആർഒയെ മുൻകൂട്ടി അറിയിക്കണം. പകരക്കാരെ ഹാജരാക്കണോ, ഓൺലൈൻ വഴി ഹിയറിങ് നടത്തണോ അതോ ഉദ്യോഗസ്ഥൻ നേരിട്ടെത്തി പരിശോധന നടത്തണോ എന്ന കാര്യത്തിൽ ഇആർഒ തീരുമാനമെടുക്കും. ഹിയറിങ് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും അവസരം ലഭിക്കുമോ എന്ന കാര്യം അന്നേദിവസം ഇആർഒയോട് ചോദിച്ച് ഉറപ്പുവരുത്തണം. രേഖകൾ ഹാജരാക്കിയിട്ടും പരിശോധന തൃപ്തമല്ലെന്നുകാട്ടി പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെങ്കിൽ അതിനെതിരെ കലക്ടർക്കും സിഇഒയ്ക്കും അപ്പീൽ നൽകാം.
ജനിച്ച വർഷത്തിന്റെ അടിസ്ഥാനത്തിൽ രേഖ
എസ്‌ഐആറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാരെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. 1987ന് മുമ്പ് ജനിച്ചവർ, 1987 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ജനിച്ചവർ, 2004 ശേഷം ജനിച്ചവർ. ഓരോ വിഭാഗവും വ്യത്യസ്ഥ തരത്തിലാണ് രേഖ ഹാജരാക്കേണ്ടത്. ഇന്ത്യക്ക് പുറത്ത് ജനിച്ചവരാണെങ്കിൽ വിദേശത്തുള്ള ഇന്ത്യൻ മിഷൻ നൽകിയ ജനന രജിസ്ട്രേഷന്റെ തെളിവും രജിസ്ട്രേഷൻ വഴി ഇന്ത്യൻ പൗരത്വം നേടിയവരാണെങ്കിൽ പൗരത്വ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകണം.
• 1987 ജൂലൈ ഒന്നിനുമുമ്പ് ജനിച്ചവർ: 12 രേഖയിൽനിന്ന് ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്നത് നൽകണം
• 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ: ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന രേഖ, പിതാവിന്റെയോ മാതാവിന്റെയോ ജനനത്തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ
• 2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ: ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന രേഖ, പിതാവിന്റെ ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന രേഖ, മാതാവിന്റെ ജനനത്തീയതിയും ജനനസ്ഥലവും വ്യക്തമാക്കുന്ന രേഖ, രക്ഷിതാവ് ഇന്ത്യക്കാരനല്ലെങ്കിൽ വോട്ടറുടെ ജനനസമയത്തുള്ള അവരുടെ വിസയുടെയും പാസ്‌പോർട്ടിന്റേയും പകർപ്പ്










0 comments