ad
Deshabhimani

ബൂത്ത്‌ വിഭജനത്തിലും അപാകം ; വീണ്ടും കുഴപ്പിച്ച്‌ ഇലക്ഷൻ കമീഷൻ

print edition മാപ്പിങ്ങിൽ കുരുക്ക് ; കൂടുതൽപേരെ ഹിയറിങ്ങിന്‌ വിളിച്ചേക്കും

SIR.jpg
വെബ് ഡെസ്ക്

Published on Dec 29, 2025, 02:29 AM | 3 min read


തിരുവനന്തപുരം

സംസ്ഥാനത്തെ എസ്ഐആർ മാപ്പിങ് നടപടികളിലെ സാങ്കേതിക പിഴവുകൾകാരണം ലക്ഷക്കണക്കിന് വോട്ടർമാർ പ്രതിസന്ധിയിൽ. 2002-ലെ എസ്‌ഐആർ പട്ടികയെ ആധാരമാക്കി നിലവിലെ വോട്ടർമാരുടെ വിവരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ്‌ ‘മാപ്പിങ്'. പേരുകളിലെ സ്പെല്ലിങ്ങിലും ഘടനയിലുമുള്ള ചെറിയ മാറ്റങ്ങൾപോലും മാപ്പിങ് അസാധ്യമാക്കുന്നതാണ് പ്രധാന പ്രതിസന്ധി.


2002ലെ എസ്‌ഐആറിൽ ഉൾപ്പെടാത്തവർക്ക്‌ അവരുടെ ബന്ധുവിന്റെ വിവരങ്ങൾ നൽകി മാപ്പിങ് പൂർത്തിയാക്കാമെന്ന്‌ കമീഷൻ അറിയിച്ചിരുന്നു. ബന്ധുവിന്റെ പേര്‌ നൽകുമ്പോൾ 2002ലെ പട്ടികയിൽ ഉള്ളതുപോലെ നൽകണമെന്നായിരുന്നു നിബന്ധന. ഇത്തരത്തിൽ എന്യൂമറേഷൻ ഫോമിൽ പൂരിപ്പിച്ച പേരും ബന്ധുവിന്റെ നിലവിലെ തിരിച്ചറിയൽ രേഖകളിലെ പേരും തമ്മിലുള്ള പൊരുത്തക്കേടുകൾ സോഫ്റ്റ്‌വെയർ അംഗീകരിക്കുന്നില്ലെന്നാണ്‌ പ്രശ്നം. ഉദാഹരണം: പഴയ പട്ടികയിൽ ‘രാമു' എന്ന് മാത്രമുള്ളയാൾ നിലവിൽ ‘രാമു എ ആർ' എന്ന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത്തരം വിവരങ്ങൾ ലിങ്ക് ചെയ്യാൻ സാധിക്കുന്നില്ല. ഇംഗ്ലീഷ് പേരുകളിലെ സ്പെല്ലിങ് വ്യത്യാസങ്ങളും (Munir, Muneer എന്നിങ്ങനെ) വലിയ തടസമാണ് സൃഷ്ടിക്കുന്നത്. ഇ‍ത്തരത്തിൽ പിശക്‌ വന്നവരുടെ വിവരങ്ങൾ പ്രത്യേകം തരംതിരിച്ച് ബിഎൽഒമാർക്ക് നൽകിയിരിക്കുകയാണ്. ഇവരെ ഹിയറിങ്ങിന്‌ വിളിക്കണോ വേണ്ടയോ എന്ന്‌ ഇആർഒയാണ്‌ തീരുമാനിക്കുക.


എന്യൂമറേഷൻ ഫോമിലെ അവ്യക്തതയും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നുണ്ട്‌. ആദ്യഘട്ടത്തിൽ സഹോദരങ്ങൾ, പങ്കാളി എന്നിവരുടെ വിവരങ്ങൾ ഉൾപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് കമീഷൻ ഈ നിലപാട് മാറ്റി. മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ എന്നിവരുടെ വിവരങ്ങൾ മാത്രമെ നിലവിൽ പരിഗണിക്കുന്നുള്ളൂ. മുമ്പ്‌ നൽകിയ നിർദേശമനുസരിച്ച് ഫോം പൂരിപ്പിച്ച ലക്ഷക്കണക്കിന് അപേക്ഷകരെ 2002-ലെ പട്ടികയുമായി ബന്ധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.


ആധാർ പരിഗണിക്കുന്നില്ല

സംസ്ഥാനത്തെ എസ്‌ഐആറിൽ ബിഎൽഒമാർ രേഖകൾ അപ്‌ലോഡ് ചെയ്യുന്ന ഘട്ടത്തിൽ ആധാർ ‘തിരിച്ചറിയൽ രേഖ’യായി പരിഗണിക്കുന്നില്ലെന്ന്‌ പരാതി. ഹിയറിങ്ങിനുമുമ്പ്‌ ബിഎൽഒമാർവഴി പരമാവധി രേഖകൾ ലഭ്യമാക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഹിയറിങ്‌ വേണോയെന്ന്‌ തീരുമാനിക്കുമെന്നുമായിരുന്നു ഇആർഒമാരുടെ വാദം. ഇതുപ്രകാരം കമീഷൻ അംഗീകരിച്ച പന്ത്രണ്ട് രേഖകളിലൊന്നായ ആധാർ അപ്‌ലോഡ്‌ ചെയ്യാൻ ശ്രമിച്ചപ്പോഴാണ്‌ പ്രതിസന്ധിയായത്‌.


അപ്‌ലോഡ്‌ പൂർത്തിയാക്കാൻ കഴിയുന്നുണ്ടെങ്കിലും ‘സെക്കൻഡറി' രേഖകൂടി വേണമെന്ന് സന്ദേശമെത്തുന്നു. ആധാർ മാത്രം രേഖയായുള്ള നിരവധിപേർ സംസ്ഥാനത്തുണ്ട്‌. അതുകൂടി അംഗീകരിക്കുന്നില്ലെങ്കിൽ കൂടുതൽപേർ പട്ടികയ്ക്ക്‌ പുറത്താകുമെന്ന്‌ ബിഎൽഒമാർ പറയുന്നു. ബിഹാർ എസ്‌ഐആറിൽ ആദ്യഘട്ടത്തിൽ ആധാർ അംഗീകരിച്ചിരുന്നില്ല. പിന്നീട്‌ സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ആധാർ ഉൾപ്പെടുത്തിയത്‌.

കമീഷൻ അംഗീകരിച്ച 
12 രേഖകൾ

​•ആധാർ കാർഡ്‌

•കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ പൊതുമേഖല ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന തിരിച്ചറിയൽ കാർഡ്‌

•1987 ജ‍‍ൂലൈ ഒന്നിനുമുന്പ്‌ സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, ബാങ്ക്‌, എൽഐസി, പൊതുമേഖല സ്ഥാപനങ്ങൾ നൽകിയ ഏതെങ്കിലും തിരിച്ചറിയൽ കാർഡ്‌

•ജനന സർട്ടിഫിക്കറ്റ്‌

•പാസ്‌പോർട്ട്‌

•അംഗീകൃത ബോർഡുകൾ നൽകിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ

•സ്ഥിരതാമസക്കാരനാണെന്ന സർട്ടിഫിക്കറ്റ്‌

•ജാതി സർട്ടിഫിക്കറ്റ്‌

•ദേശീയ പ‍ൗരത്വപട്ടിക

•സംസ്ഥാന സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ തയ്യാറാക്കിയ കുടുംബ രജിസ്‌റ്റർ

•സർക്കാർ നൽകുന്ന ഭൂമി, ഭവന കൈമാറ്റ സർട്ടിഫിക്കറ്റ്‌

•വനാവകാശ സർട്ടിഫിക്കറ്റ്‌


രണ്ടാംഘട്ടത്തിലും ആശങ്ക

പരിശീലനമില്ലാതെ ഹിയറിങ് 
അസാധ്യമെന്ന്‌ ബിഎൽഒമാർ

സംസ്ഥാനത്തെ വോട്ടർപട്ടിക തീവ്ര പുനഃപരിശോധന അതീവ സങ്കീർണമായ രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ, പരിശീലനമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന ആശങ്കയിൽ ബിഎൽഒമാർ. എന്യൂമറേഷൻ ഫോം ഘട്ടത്തിൽ കൃത്യമായ മാർഗനിർദേശങ്ങളോ പരിശീലനമോ നൽകാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.


ഇത്‌ വരുംഘട്ടങ്ങളെയും ബാധിക്കുമെന്നിരിക്കെ, മതിയായ പരിശീലനം നൽകാതെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ വിലയിരുത്തൽ.

വീടുകൾതോറും കയറിയിറങ്ങി നോട്ടീസ് നൽകി ഹിയറിങ്ങിന്‌ വോട്ടർമാരെ വിളിച്ചുവരുത്തേണ്ട നടപടിക്രമങ്ങൾക്ക്‌ വ്യക്തമായ നിർദേശം ആവശ്യമാണെന്നാണ്‌ ബിഎൽഒമാരുടെ വാദം. നിലവിൽ വാട്സ്‌ആപ്പ്‌ ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്ന വോയ്സ്‌ മെസേജുകൾ വഴിയാണ്‌ ബിഎൽഒമാർ പ്രവർത്തിക്കുന്നത്‌.


മതിയായ പരിശോധനയില്ലാതെ കരട്‌ പട്ടിക തയ്യാറാക്കിയതുകാരണം 19 ലക്ഷത്തോളം പേരുടെ വോട്ടവകാശം പ്രതിസന്ധിയിലായി. പട്ടികയിൽനിന്ന്‌ പുറത്തായ 24 ലക്ഷം പേരെ കണ്ടെത്തി, അവരെ ഫോം 6 വഴിയും പ്രത്യേക ഡിക്ലറേഷൻ വഴിയും തിരികെ എത്തിക്കുകയെന്ന ദുഷ്കരമായ ദൗത്യവും മുന്നിലുണ്ട്‌. പുതുതായി കൂട്ടിച്ചേർക്കേണ്ടവരെ തിരിച്ചറിഞ്ഞ് അവർക്കുള്ള ഫോമുകളും നൽകണം. ഹിയറിങ് നടപടികളിൽ പാലിക്കേണ്ട കൃത്യതയെക്കുറിച്ചും പുതിയ ഫോമുകൾ പൂരിപ്പിക്കുന്നതിനെക്കുറിച്ചും മറ്റ്‌ ഉദ്യോഗസ്ഥർക്കും ധാരണയില്ലെന്ന പരാതിയും ഉയരുന്നുണ്ട്‌.



ബൂത്ത്‌ വിഭജനത്തിലും അപാകം ; വീണ്ടും കുഴപ്പിച്ച്‌ ഇലക്ഷൻ കമീഷൻ

സംസ്ഥാനത്തെ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി ബൂത്തുകൾ വർധിപ്പിച്ചതിൽ അശാസ്ത്രീയതയെന്ന് വ്യാപക പരാതി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പോളിങ് സ്‌റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിബന്ധന നടപ്പാക്കിയപ്പോൾ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയെന്നാണ് പരാതി. സംസ്ഥാനത്താകെ 5030 പുതിയ ബൂത്തുകൾ ആവശ്യപ്പെട്ടാണ്‌ കേന്ദ്ര കമീഷന്‌ സിഇഒ അപേക്ഷ നൽകിയത്‌. ഇതിൽ 5003 ബൂത്തുകൾ അനുവദിച്ചു. ഇതോടെ നിലവിലുള്ള 25,468 ബൂത്തുകൾ ഉൾപ്പെടെ പുനഃക്രമീകരിക്കേണ്ടിവന്നു. 30,471 ബൂത്തുകളാക്കിയാണ്‌ കരട്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌.


ബൂത്ത്‌ വർധിപ്പിച്ചപ്പോൾ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ വോട്ടർമാരുടെ സൗകര്യമോ പരിഗണിച്ചില്ല. അതുകാരണം കരട് പട്ടികയിൽ പേര് കണ്ടെത്താനാകാതെ ജനം വലയുകയാണ്. വില്ലേജ് പരിധിയിൽ ശരാശരി അഞ്ചുവരെ പുതിയ ബൂത്തുകളുണ്ടായെന്നാണ്‌ വിവരം. പുനഃക്രമീകരണത്തിലെ പാളിച്ചകൾ കാരണം ഒരേ വീട്ടിലെ അംഗങ്ങൾ വ്യത്യസ്ത ബൂത്തുകളിലേക്ക് ചിതറിപ്പോയ അവസ്ഥയുമുണ്ട്‌. പുതിയ ബൂത്തുകളിലേക്ക് വോട്ടർമാരെ മാറ്റുമ്പോൾ പാലിക്കേണ്ട അടിസ്ഥാനപരമായ കീഴ്‌വഴക്കമൊന്നും പാലിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ പാർടികൾക്കും ബിഎൽഒമാർക്കും ക്രമക്കേട് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്‌.


കരട്‌ പട്ടികയിൽ ഉൾപ്പെട്ട 19 ലക്ഷത്തോളം വോട്ടർമാർ രേഖകൾ സമർപ്പിക്കണം. അശാസ്ത്രീയ പുനഃക്രമീകരണം ഇവരെയും ദുരിതത്തിലാക്കി. പേര് ചേർക്കുന്നതിനും തിരുത്തലുകൾക്കും അവസരം നിലനിൽക്കെത്തന്നെ, ബൂത്ത്‌ വിഭജനത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ വലിയ വിഭാഗം ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നതിൽനിന്ന് മാറിനിൽക്കേണ്ടിവരുമെന്ന ആശങ്ക ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home