print edition നോട്ടീസിൽ ഇആർഒമാർ ഒപ്പിടണം ; ഹിയറിങ് വൈകും

തിരുവനന്തപുരം
വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയിൽ (എസ്‌ഐആർ) കൃത്യമായി വിവരങ്ങൾ നൽകാൻ കഴിയാത്തവരുടെ ഹിയറിങ് വൈകിയേക്കും. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയ 19.2 ലക്ഷം പേരുടെ മാപ്പിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്കുള്ള ഹിയറിങ് നോട്ടീസിൽ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇആർഒ) ഒപ്പിടണമെന്നാണ് പുതിയ നിർദേശം. ഇതോടെ നോട്ടീസ് വിതരണം വീണ്ടും വൈകും.
നിലവിൽ ഒരിടത്തും നോട്ടീസ് നൽകി തുടങ്ങിയിട്ടില്ല. കാസർകോട് ജില്ലയിൽ ഒമ്പതിന് നടത്താനിരുന്ന ഹിയറിങ് പുതിയ നിർദേശം വന്നതോടെ മാറ്റി.നോട്ടീസ് നൽകി ഒരാഴ്‌ചക്ക് ശേഷമാണ് ഹിയറിങ് നടത്തുക. കരടിൽ ഉൾപ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിന് ശേഷം വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെങ്കിൽ ഇആർഒയുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിനെതിരെ ചീഫ് ഇലക്‌ടറൽ ഓഫീസറെ (സിഇഒ) സമീപിക്കാൻ 30 ദിവസത്തെ സാവകാശമുണ്ട്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
കരട് പട്ടികയിൽ മാപ്പിങ് നടത്താൻ കഴിയാത്തവരുടെ പേര് പ്രത്യേകം നൽകിയിട്ടില്ല. അതിനാൽ പട്ടികയിലുള്ള ആരൊക്കെ ഹിയറിങ്ങിന് ഹാജരാകണമെന്നത് മുൻകൂട്ടി അറിയാനായിരുന്നില്ല. ബിഎൽഒ ആപ്പിൽ ബൂത്ത് അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകേണ്ടവരുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചത്. ബിഎൽഒമാർവഴിയാണ് വോട്ടർമാർ വിവരം അറിയുക. ഹിയറിങ്ങിന് രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ അന്തിമ പട്ടികയിൽനിന്ന് പുറത്താകും. കരട് പ്രസിദ്ധീകരിച്ചപ്പോൾ മാപ്പ് ചെയ്യാൻ കഴിയാത്തവരുടെ വിവരം പ്രത്യേകം നൽകിയിരുന്നെങ്കിൽ ആളുകൾക്ക് രേഖകൾ മുൻകൂട്ടി സംഘടിപ്പിക്കാൻ കഴിയുമായിരുന്നെന്ന് ബിഎൽഒമാർ പറഞ്ഞു.










0 comments