print edition വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന ; സംസ്ഥാനത്ത് ഹിയറിങ് ആരംഭിച്ചു

തിരുവനന്തപുരം
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ നിർണായക ഘട്ടമായ ഹിയറിങ് നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായി. കരട് വോട്ടർപ്പട്ടികയിലെ 2.54 കോടി വോട്ടർമാരിൽ, 2002-ലെ എസ്‌ഐആറുമായി ബന്ധിപ്പിക്കാനാകാത്ത 19.32 ലക്ഷം പേരെയാണ് ഹിയറിങ്ങിന് വിധേയമാക്കുക. അതത് നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
പ്രായമായവർക്കും പ്രവാസികൾക്കും നേരിട്ട് ഹാജരാകുന്നതിൽ ഇളവുണ്ടെങ്കിലും രേഖകളുമായി അടുത്ത ബന്ധുക്കൾ ഹിയറിങ്ങിൽ പങ്കെടുക്കണം.
ഹിയറിങ് പൂർത്തിയാക്കിയ ബൂത്തുകളിൽ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ, വീണ്ടും നടപടികൾ വേണോ എന്നതിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം അതത് ഇആർഒമാർക്കാകും. അക്ഷരത്തെറ്റ്, പ്രായവ്യത്യാസം തുടങ്ങിയവ കാരണം പട്ടികയിൽ പൊരുത്തപ്പെടാത്ത വോട്ടർമാർക്ക് ബിഎൽഒയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഹിയറിങ് ഒഴിവാക്കും. മതിയായ രേഖകൾ ഹാജരാക്കിയാൽ ഇആർഒയ്ക്ക് നേരിട്ടുള്ള പരിശോധനയില്ലാതെതന്നെ നടപടികൾ പൂർത്തിയാക്കാം.
ഹിയറിങ്ങിൽ പുറത്തായാൽ അപ്പീൽ നൽകാം
ഹിയറിങ് നടപടിക്കുശേഷം പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നവർക്ക് പരാതികൾ ബോധിപ്പിക്കാൻ അപ്പീൽ സംവിധാനമുണ്ടാകും. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവ് പുറത്തുവന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം. ഇതിന്മേലുള്ള തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീലും നൽകാം. അപ്പീൽ അപേക്ഷകൾ രജിസ്റ്റേഡ് തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കാം.
എസ്‌ഐആറിൽ അർഹരെ ഉൾപ്പെടുത്താൻ നടപടി
യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ; ഫീസ് ഒഴിവാക്കും
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ അർഹരായ മുഴുവനാളുകളെയും പട്ടികയിലുൾപ്പെടുത്താൻ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കാൻ നടപടികള്‍ സ്വീകരിക്കാൻ കലക്‌ടർമാർക്ക് നിർദേശം നൽകി. ഇതിന് ഫീസ് ഈടാക്കരുത്. കെ-സ്‌മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിട്ടാല്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
ആവശ്യമുള്ളിടത്ത് ഹിയറിങ് കേന്ദ്രം സജ്ജമാക്കണം. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന പ്രവർത്തന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിനോട് നിർദേശിച്ചു. കരട് പട്ടികയില്‍നിന്ന് വിട്ടുപോയ അര്‍ഹരായ എല്ലാവരെയും പട്ടികയിലുൾപ്പെടുത്തുന്നതിന് ബോധവൽക്കരണം നടത്തും.
സഹായക കേന്ദ്രങ്ങള്‍ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇൗ ക്യാമ്പുകളില്‍ ഒരു കെ–സ്‌മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കും.ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിങ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം നിയമിക്കണം.










0 comments