വോട്ടർ പട്ടികയിൽ വൻ വെട്ട്; എസ്ഐആറിൽ ഇതുവരെ ഒഴിവാക്കിയത് 13 കോടി ജനങ്ങളെ

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യുടെ മറവിൽ കോടിക്കണക്കിനാളുകളെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി വെട്ടിമാറ്റി കേന്ദ്രം. ഇതുവരെ പ്രസിദ്ധീകരിച്ച 24 സംസ്ഥാനങ്ങളിലെയും 6 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രാഫ്റ്റ് വോട്ടർ പട്ടികകളിൽ നിന്ന് 13.37 കോടി പേരെയാണ് ഒഴിവാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എസ്‌ഐആറിന് മുമ്പ് പട്ടികയിലുണ്ടായിരുന്ന വോട്ടർമാരുടെ ഏകദേശം 14.1 ശതമാനമാണിത്.
ഡ്രാഫ്റ്റ് പട്ടികയിൽ ഉൾപ്പെടാതിരുന്നവരുടെ എണ്ണമാണ് 13.37 കോടി. ക്ലെയിം–ഒബ്ജക്ഷൻ നടപടികളിലൂടെ ഇവരിൽ പലർക്കും വീണ്ടും പേര് ചേർക്കാൻ കഴിയുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ വ്യക്തതയില്ല. മഹാരാഷ്ട്രയിൽ മാത്രം 2.068 കോടി വോട്ടർമാരെയാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയത്. തലസ്ഥാനമായ ഡൽഹിയിൽ വോട്ടർമാരുടെ എണ്ണം 1.45 കോടിയിൽ നിന്ന് 97.53 ലക്ഷമായി കുറഞ്ഞു. അതായത് 47.56 ലക്ഷം പേരാണ് പുറത്തായത്.
നാഗാലാൻഡും ത്രിപുരയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കരട് പട്ടിക നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജൂണിൽ ബിഹാറിൽ ആരംഭിച്ച എസ്‌ഐആർ പിന്നീട് വിവിധ ഘട്ടങ്ങളിലായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. മൂന്നാം ഘട്ടത്തിൽ മാത്രം പ്രസിദ്ധീകരിച്ച 17 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡ്രാഫ്റ്റ് പട്ടികകളിൽ നിന്ന് 6.15 കോടി പേരാണ് പുറത്തായത്.
മഹാരാഷ്ട്രയിൽ 9.78 കോടി വോട്ടർമാരിൽ നിന്ന് പട്ടിക 7.71 കോടിയായി കുറഞ്ഞു. ഏകദേശം 2.06 കോടി പേർ ഉൾപ്പെട്ടിട്ടില്ല. മഹാരാഷ്ട്ര 2.06 കോടി, കർണാടക 1.07 കോടി, തെലങ്കാന 73.39 ലക്ഷം, ഡൽഹി 47.56 ലക്ഷം, ജാർഖണ്ഡ് 43.61 ലക്ഷം, ഹരിയാന 33.83 ലക്ഷം, ആന്ധ്രപ്രദേശ് 44.89 ലക്ഷം, പഞ്ചാബ് 20.66 ലക്ഷം, ഒഡിഷ 20.12 ലക്ഷം, ഉത്തരാഖണ്ഡ് 8.26 ലക്ഷം, മണിപ്പൂർ 1.58 ലക്ഷം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ന്യൂനപക്ഷ വോട്ടർമാരെ പട്ടികയിൽ നിന്ന് കൂട്ടത്തോടെ പുറത്താക്കാൻ എസ്ഐആർ ആയുധമാക്കുകയാണ് കേന്ദ്രം. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കൊണ്ടിരുന്നതിനാൽ ഭരണം നിലനിർത്തുക ബിജെപിക്ക് ശ്രമകരമാണ്. അതിനാൽ ജനവിധിയെ അട്ടിമറിക്കാനായാണ് എസ്ഐആർ ദുരുപയോഗം ചെയ്യുന്നതെന്ന് വ്യക്തം.
ആദ്യഘട്ടം
ബിഹാർ - 65.63 ലക്ഷം (7.89 കോടിയിൽനിന്ന് 7.24 കോടി ആയി. ക്ലെയിം–ഒബ്ജക്ഷൻ നടപടിക്കുശേഷം 7.42 കോടി 0
രണ്ടാംഘട്ടം
ഉത്തർപ്രദേശ് - 2. 8 കോടി
തമിഴ്നാട് - 97 ലക്ഷം
ഗുജറാത്ത് - 73 ലക്ഷം
പശ്ചിമ ബംഗാൾ - 58 ലക്ഷം
മധ്യപ്രദേശ് - 42.74 ലക്ഷം
രാജസ്ഥാൻ - 41 ലക്ഷം
ഛത്തീസ്ഗഢ് - 27.34 ലക്ഷം
കേരളം - 24.08 ലക്ഷം
ഗോവ - ഒരുലക്ഷം
പുതുച്ചേരി - ഒരുലക്ഷം
ആൻഡമാൻ–നിക്കോബാർ - 64,014
ലക്ഷദ്വീപ് - 1,429
രണ്ടാംഘട്ടത്തിലെ 9 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് കരട് പട്ടികയിൽ നിന്ന് ഏകദേശം 6.56 കോടി പേരാണ് പുറത്തായത്.
മൂന്നാംഘട്ടം
മഹാരാഷ്ട്ര - 2.06 കോടി
കർണാടക - 1.07 കോടി
തെലങ്കാന - 73 ലക്ഷം
ആന്ധ്രപ്രദേശ് - 44 ലക്ഷം
ജാർഖണ്ഡ്- 43 ലക്ഷം
ഹരിയാന - 33 ലക്ഷം
പഞ്ചാബ് - 20 ലക്ഷം
ഒഡിഷ - 20 ലക്ഷം
ഉത്തരാഖണ്ഡ് - 8 ലക്ഷം
മേഘാലയ - 1.80 ലക്ഷം
അരുണാചൽ പ്രദേശ് - 1.69 ലക്ഷം
മണിപ്പൂർ - 1.58 ലക്ഷം
മിസോറം - 46,162
സിക്കിം - 37,724
ഡൽഹി - 47 ലക്ഷം
ദാദ്രാ-നഗർ ഹവേലി & ദമൻ-ദിയു - 1.26 ലക്ഷം
ചണ്ഡീഗഢ് - 66,181
ഘട്ടം 1: 65.63 ലക്ഷം
ഘട്ടം 2: 6.56 കോടി
ഘട്ടം 3: 6.15 കോടി










0 comments