തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരം; മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം : സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ ഏകകണ്ഠേന പ്രമേയം അംഗീകരിച്ചു.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണ്. ബീഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്‍റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബീഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്.
ബീഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമീഷനെ സംശയത്തിന്‍റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശപരമാണ്. ഇതിനുമുമ്പ് 2002ലാണ് കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോള്‍ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണെന്നതും അശാസ്ത്രീയമാണ്.
1987നു ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്‍റെയോ മാതാവിന്‍റെയോ പൗരത്വരേഖ കൂടി നല്‍കിയാലേ വോട്ടറാകൂ എന്ന എസ്ഐആറിലെ നിബന്ധന പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്ന തിരുമാനമാണ്. 2003നു ശേഷം ജനിച്ചവര്‍ പിതാവിന്‍റെയും മാതാവിന്‍റെയും പൗരത്വരേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വോട്ടറാവൂ എന്നും നിഷ്കര്‍ഷയുണ്ട്. രേഖകളില്ലാത്തതിന്‍റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്‍റെ പൂര്‍ണമായ ലംഘനമാണ്. സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ ഉള്ളവരാണ് എസ്ഐആറിലെ ഇത്തരം നിബന്ധനകള്‍ മൂലം വോട്ടവകാശത്തില്‍ നിന്നും പുറത്താവുകയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പഠനങ്ങള്‍ കാണിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ, സ്ത്രീകള്‍, ദരിദ്രകുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ബഹുഭൂരിപക്ഷവും ഉള്‍പ്പെടുക. വോട്ടര്‍ പട്ടികയിലുള്ള പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമീഷന്‍ സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.










0 comments