'ഞാൻ രാജ്യവിരുദ്ധയല്ല, പ്രതിഷേധിക്കുന്ന കുട്ടികളും രാജ്യവിരുദ്ധരല്ല'; വാങ്ചുക്കിന് പിന്തുണയുമായി ഗായിക ജ്യോത്സ്ന

കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന വിദ്യാഭ്യാസ–പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പിന്തുണയുമായി ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. രാജ്യത്തെ കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി ഒരാൾക്ക് സ്വന്തം ജീവൻതന്നെ പണയപ്പെടുത്തേണ്ടിവരുന്നത് ഒരു അമ്മയെന്ന നിലയിൽ വലിയ നിരാശയുണ്ടാക്കുന്നതായി ജ്യോത്സ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“എന്റെ കുട്ടിയുടെയും നിങ്ങളുടെ കുട്ടികളുടെയും ഭാവി കുറച്ചുകൂടി മെച്ചപ്പെടുത്താൻ, തന്റെ ശബ്ദം കേൾപ്പിക്കുന്നതിനായി ഒരാൾക്ക് സ്വന്തം ജീവൻ പണയപ്പെടുത്തേണ്ടിവരുന്നത് വലിയ നിരാശയാണ്,” ജ്യോത്സ്ന പറഞ്ഞു.
നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാഷ്ട്രീയത്തിനും മതത്തിനും ആശയങ്ങൾക്കും മുകളിലാണ് ഈ വിഷയമെന്നും അവർ വ്യക്തമാക്കി. “നിങ്ങൾ ഏത് ആശയത്തിലും രാഷ്ട്രീയ പാർടിയിലും മതത്തിലുമാണ് വിശ്വസിക്കുന്നത് എന്നത് ഇവിടെ വിഷയമല്ല. ഇപ്പോൾ സംഭവിക്കുന്നത് ശരിയല്ല. കാരണം, ഇത് അതിനെല്ലാം മുകളിലുള്ള കാര്യമാണ്.”
പ്രതിഷേധിക്കുന്ന വിദ്യാർഥികളെയും മാതാപിതാക്കളെയും രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്നതിനെതിരെയും ജ്യോത്സ്ന സംസാരിച്ചു.
“ഞാൻ രാജ്യവിരുദ്ധയല്ല. പ്രതിഷേധിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും രാജ്യവിരുദ്ധരല്ല. മെച്ചപ്പെട്ട സംവിധാനം ആവശ്യപ്പെടുന്നത് ജനാധിപത്യത്തിലെ അടിസ്ഥാന അവകാശമാണ്. അതിനായി ആരും മരിക്കേണ്ടിവരരുത്. ഞാൻ സോനം വാങ്ചുക്കിനൊപ്പമാണ്,” ജ്യോത്സ്ന കുറിച്ചു.
നീറ്റ് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളിൽ ഉത്തരവാദിത്വം ആവശ്യപ്പെട്ടുള്ള സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ജൂൺ 28ന് വാങ്ചുക്ക് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പരീക്ഷാസംവിധാനത്തിൽ സമഗ്ര പരിഷ്കാരം നടപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ജിതേന്ദ്ര ചൗധരി, കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക്. കെ കെ ശൈലജ തുടങ്ങിയവർ ജന്തർ മന്തറിലെ സമരവേദിയിലെത്തി വാങ്ചുക്കിന് ഐക്യദാർഢ്യം അറിയിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാൾ, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളും സമരത്തിന് പിന്തുണ അറിയിക്കുകയും കേന്ദ്രം വാങ്ചുക്കുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.











0 comments