അശ്വമേധം രജതജൂബിലി ആഘോഷനിറവിൽ
print edition രസിപ്പിക്കലും ആക്ഷേപിക്കലുമല്ല മാധ്യമധർമം: പിണറായി

അശ്വമേധത്തിന്റെ 25–ാം വാർഷികാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് പ്രശസ്തി പത്രം സമ്മാനിക്കുന്നു
തിരുവനന്തപുരം: കേവലമായ രസിപ്പിക്കലുകൾക്കും ആക്ഷേപ ചെയ്‌തികൾക്കുമപ്പുറം മറ്റൊരു ധർമവും നിർവഹിക്കാനില്ലെന്ന് ദൃശ്യമാധ്യമങ്ങളിൽ ഒരു വിഭാഗം കരുതുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. അതല്ല യഥാർഥ മാധ്യമധർമം. അശ്വമേധം പരിപാടിയുടെ രജതജൂബിലി ആഘോഷവും ജി എസ് പ്രദീപിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നമ്മൾ മീഡിയ നവമാധ്യമ ചാനലിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബോധവൽക്കരണമെന്ന ധർമം ചില ചാനലുകൾ ഉപേക്ഷിക്കുന്നു. അറിയുകയെന്നത് വായനക്കാരന്റെയും പ്രേക്ഷകന്റെയും അവകാശമാണ്. അറിയിക്കാതിരിക്കലായാലോ അത് മാധ്യമ ധർമമാകില്ല. ചാനലുകൾ പൊതുവിൽ ലാഭക്കൊതിമാത്രം മനസ്സിൽവച്ച് നിസ്സാരങ്ങളായ കൗതുകപരിപാടിയിൽമാത്രം കേന്ദ്രീകരിച്ചിരുന്നപ്പോഴാണ് കൈരളി ചാനൽ അശ്വമേധവും മാന്പഴവുംപോലുള്ള വൈജ്ഞാനിക സാംസ്‌കാരിക പരിപാടികളിൽക്കൂടി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പിണറായി പറഞ്ഞു.
കൈരളി ടി വി എംഡി ജോൺ ബ്രിട്ടാസ് എംപി അധ്യക്ഷനായി. സ്വരലയ ചെയർമാൻ ജി രാജ്മോഹൻ സ്വാഗതം പറഞ്ഞു. മന്ത്രി സി പി ജോൺ, മേയർ വി വി രാജേഷ്, നടൻ ബേസിൽ ജോസഫ്, സംവിധായകൻ ചിദംബരം, ബാലൻ സിനിമയിലെ നായിക ഫർസാന പാലത്തിങ്ങൽ, ആർ എസ് ബാബു, ഇ എം നജീബ്, റാണി മോഹൻദാസ് എന്നിവർ സംസാരിച്ചു. ജി എസ് പ്രദീപിനുള്ള ആദരപത്രവും ഉപഹാരവും പിണറായി വിജയൻ കൈമാറി.
കലാപരിപാടികൾ ബേസിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. വേദിയിൽ നടന്ന അശ്വമേധം പരിപാടിയിൽ ബേസിൽ ജോസഫ്, ഫർസാന പാലത്തിങ്ങൽ എന്നിവർ പങ്കെടുത്തു. ഗായകൻ കെ എസ് ഹരിശങ്കർ, കല്ലറ ഗോപൻ, സൗമ്യ സനാതനൻ, ബിജിപാൽ, റോണി റാഫേൽ എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി.










0 comments