ad
Deshabhimani

print edition അഭിമാന പദ്ധതികളിൽ മ‍ൗനം; വികസനത്തിന്‌ തുടർച്ചയില്ല

niyamasabha today
avatar
മിൽജിത്‌ രവീന്ദ്രൻ

Published on May 30, 2026, 01:18 AM | 2 min read

തിരുവനന്തപുരം : പത്തുവർഷം കേരളം ആർജിച്ച വികസനക്കുതിപ്പിന്റെയും ക്ഷേമപ്രവർത്തനങ്ങളുടെയും തുടർച്ചയ്‌ക്ക്‌ വ്യക്തമായ ആശയങ്ങളോ രൂപരേഖയോ ഇല്ലാതെ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. ആരോഗ്യവും പൊതുമരാമത്തും ഉൾപ്പെടെയുള്ള മേഖലകളിൽനിന്ന്‌ സർക്കാർ പിന്മാറി സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നുകൊടുക്കുന്നതിലൂടെ മോദി സർക്കാരിന്റെ നയം പിന്തുടരുകയാണ്‌. ഫെഡറലിസത്തെ തകർക്കുകയും കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയുംചെയ്യുന്ന കേന്ദ്രസർക്കാരിനെതിരെ ഒരു വാക്കുപോലുമില്ലാത്ത പ്രസംഗം ഗവർണർ ആർ വി ആർലേക്കർ പൂർണമായി വായിച്ചു. സഭാചരിത്രത്തിലാദ്യമായി വന്ദേമാതരം ചൊല്ലി.


വികസനത്തിന്റെ നെടുംതൂണായ കിഫ്‌ബി, ലോകശ്രദ്ധയാകർഷിച്ച കുടുംബശ്രീ, കെ ഫോൺ, ലൈഫ്‌ അടക്കമുള്ള പ്രധാന മിഷനുകൾ എന്നിവയും നയപ്രഖ്യാപനത്തിൽ പരാമർശിച്ചില്ല. ദേശീയപാതാ വികസനം, മലയോര, തീരദേശ ഹൈവേകൾ, ദേശീയ ജലപാത എന്നിവയെക്കുറിച്ചും മ‍ൗനം. വരുമാനം ലഭിക്കുംവിധം ബൈപാസുകൾ നാലുവരിയാക്കുമെന്ന്‌ പറയുമ്പോൾ ടോളിന്റെ സൂചനയുണ്ട്‌. ഭൂനിയമങ്ങളും 2008ലെ തണ്ണീർത്തട സംരക്ഷണ നിയമവും സമഗ്രമായി പരിഷ്‌കരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോൾ ഗുണഭോക്താക്കൾ ആരെന്ന ആശങ്ക ബാക്കി. അതിദാരിദ്ര്യ നിർമാർജനത്തിന്റെ തുടർച്ചയെക്കുറിച്ചും മിണ്ടാട്ടമില്ല.

​ പൊതുധനകാര്യം കടുത്ത സമ്മർദത്തിലാണെന്നും ധവളപത്രം പുറത്തിറക്കുമെന്നും പറയുന്ന നയപ്രഖ്യാപനത്തിൽ, കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതേയില്ല. വർഗീയകക്ഷികളുടെ ധ്രുവീകരണശ്രമങ്ങളെക്കുറിച്ചും പരാമർശമില്ല. സഹകരണമേഖലയെക്കുറിച്ചും കേരള ബാങ്കിനെക്കുറിച്ചും മ‍ൗനം. കേന്ദ്രം പ്രഖ്യാപിച്ച ബ്ലൂ എക്കോണമി സംബന്ധിച്ച്‌ ആശങ്ക നിലനിൽക്കുമ്പോൾ ‘ബ്ലൂ എക്കോണമി സെൽ’ രൂപീകരിക്കുമെന്ന പ്രഖ്യാപനം സംശയകരമാണ്‌. ശബരിമല മാസ്റ്റർപ്ലാനിന്റെ തുടർച്ചയുമില്ല.പുതുയുഗ കേരളമെന്ന്‌ വാചാലമാകുന്പോഴും വിഭവസമാഹരണത്തിന്‌ നിർദേശങ്ങളൊന്നുമില്ല. സംസ്ഥാനത്തെ സംയോജിത തുറമുഖ കേന്ദ്രമാക്കുമെന്ന്‌ പറയുന്പോൾ വിഴിഞ്ഞത്തിന്റെ സാധ്യതകളെക്കുറിച്ച്‌ പരാമർശമില്ല. പരമ്പരാഗത മേഖല, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾ, മത്സ്യമേഖല എന്നിവയെക്കുറിച്ചും ഒരു മണിക്കൂർ ഒമ്പത്‌ മിനിട്ട്‌ നീണ്ട പ്രസംഗത്തിൽ പ്രതിപാദിക്കുന്നില്ല.


ഉന്നതവിദ്യാഭ്യാസ മേഖലയിൽ പരമോന്നത സമിതിയായി അക്കാദമിക്‌ സിൻഡിക്കറ്റ്‌ രൂപീകരിക്കുമെന്നും ഐടി വകുപ്പിന്റെയും ഐടി മിഷന്റെയും പേരുമാറ്റുമെന്നും പറയുന്നു. സ്‌കൂൾ വിദ്യാർഥിനികൾക്ക്‌ മാസത്തിൽ മൂന്നു ദിവസംവരെ ആർത്തവാവധി പ്രഖ്യാപിക്കുന്നു.


നയരാഹിത്യം പ്രകടം


യുഡിഎഫ്‌ സർക്കാരിന്റെ നയരാഹിത്യമാണ്‌ നയപ്രഖ്യാപനത്തിൽ പ്രകടമായതെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ. ആശ്വാസനടപടികളിൽനിന്നും സാമ്പത്തിക ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുന്നതാണ്‌ പൊതുസമീപനം. കേരളത്തെ പുതുയുഗത്തിലേക്ക്‌ നയിക്കുമെന്നാണ്‌ പറയുന്നത്‌. എന്നാൽ, അതിനുള്ള സാമ്പത്തിക–സാമൂഹിക മാർഗരേഖ കാണാനില്ല. വികസനം പുറകോട്ടടിക്കുമെന്ന ആശങ്കയാണ്‌ നയപ്രഖ്യാപനത്തിലുള്ളത്‌. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളിൽനിന്ന്‌ ഒളിച്ചോടുകയാണ്‌. കേന്ദ്രത്തിൽനിന്ന്‌ ചോദിച്ചുവാങ്ങേണ്ട കാര്യങ്ങളെക്കുറിച്ച് മ‍ൗനംപാലിക്കുന്നു. 2035വരെയുള്ള സമഗ്രവികസനം മുന്നിൽക്കണ്ടുള്ള നയരേഖ എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ചിരുന്നു.


അത് മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയില്ല. ധനകാര്യ ഫെഡറലിസത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്ന നിലപാടാണ്‌ കേന്ദ്രസർക്കാരിന്റേത്‌. അതേക്കുറിച്ച്‌ പേരിനുപോലും വിമർശമില്ല. പശ്ചിമേഷ്യയിലെ പ്രതിസന്ധി സൃഷ്‌ടിച്ച പ്രശ്‌നങ്ങൾ മറികടക്കാനുള്ള നയപരിപാടി മുൻഗണനയിലില്ല. മോദി പ്രഖ്യാപിച്ച ബ്ലൂ എക്കോണമിയാണോ പിന്തുടരുക എന്നതിലും വ്യക്തതയില്ല. കേന്ദ്രനയംതന്നെ യുഡിഎഫ്‌ സ്വീകരിച്ചാൽ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ നീങ്ങും. കേരളചരിത്രത്തിൽ ഏറ്റവും ബൃഹത്തായ വികസന, ക്ഷേമപ്രവർത്തനങ്ങൾ നടന്ന കാലഘട്ടമാണിത്‌. അതിന്റെ തുടർച്ച ഉറപ്പുവരുത്തണം. യുഡിഎഫ്‌ സർക്കാരിന്‌ ആ കാഴ്‌ചപ്പാടില്ലാത്തത്‌ നിർഭാഗ്യകരമാണ്‌.ആദ്യമേ കഠിനമായ എതിർപ്പ്‌ രേഖപ്പെടുത്തുന്നില്ല. വികസനത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഏത്‌ പരിപാടിയെയും പിന്തുണയ്‌ക്കും. മറിച്ചായാൽ എതിർക്കും– പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home