print edition വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

സാഹിർ നവാസ്, മുഹമ്മദ് ഫാസിൽ മുർഷിദ്
മേലാറ്റൂർ: കോഴിഫാമിൽ തീറ്റയിറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല പട്ടിക്കാടൻ ഹംസയുടെ മക്കളായ സാഹിർ നവാസ് (36), മുഹമ്മദ് ഫാസിൽ മുർഷിദ് (32) എന്നിവരാണ് മരിച്ചത്. തിരുവോണ ദിവസം രാവിലെ പത്തരയോടെ കീഴാറ്റൂർ ആക്കപറമ്പ് നിരവിലാണ് സംഭവം. ഫാം ഉടമയ്‌ക്കെതിരെ പാണ്ടിക്കാട് പൊലീസ് കേസെടുത്തു.
കോഴി ഫാമിലേക്കുള്ള തീറ്റയിറക്കാനായി എത്തിയതായിരുന്നു ഇരുവരും. ഫാമിൽ വന്യമൃഗശല്യം തടയാൻ കവുങ്ങിൻകുറ്റികളും ഇരുമ്പ് കമ്പിയും ഉപയോഗിച്ചുണ്ടാക്കിയ അനധികൃത വൈദ്യുതിവേലിയിൽനിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. ഒരു ഫാമിൽ തീറ്റയിറക്കിയശേഷം അടുത്ത ഫാമിലേക്ക് നടന്നുപോകുമ്പോഴാണ് വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിയിൽ തട്ടിയത്.
ഫാസിൽ മുർഷിദിനാണ് ആദ്യം ഷോക്കേറ്റത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ജ്യേഷ്ഠൻ സാഹിർ നവാസും അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവരും ഫാമിലെ ജോലിക്കാരും ചേർന്ന് ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെന്മിനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. സംഭവത്തെത്തുടർന്ന് ഫാമിലേക്കുള്ള വൈദ്യുതി കെഎസ്‌ഇബി വിഛേദിച്ചു.










0 comments