ആകാശമായിരുന്നില്ല ഒരിക്കലും അതിര്; ബഹിരാകാശ അനുഭവം പങ്കുവച്ച് ശുഭാംശു ശുക്ല

ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല തൈക്കാട് മോഡൽ സ്‌കൂളിലെ കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു
സ്വന്തം ലേഖിക
Published on Mar 29, 2026, 12:30 AM | 1 min read
തിരുവനന്തപുരം
: "ബഹിരാകാശ ദൗത്യം കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തിയ ആദ്യരാത്രി. കിടക്കയിലിരുന്ന് ഇ മെയിലുകൾക്ക് മറുപടി നൽകുകയായിരുന്നു. ജോലി കഴിഞ്ഞ് ലാപ്ടോപ് അശ്രദ്ധമായി കൈവിട്ടു. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയിൽ ശീലിച്ച മനസ്സ് അത് വായുവിൽത്തന്നെ നിൽക്കുമെന്ന് കരുതി. പക്ഷേ, നിമിഷങ്ങൾക്കകം വലിയ ശബ്ദത്തോടെ ലാപ്ടോപ് തറയിൽ വീണപ്പോഴാണ് ഞാൻ ഭൂമിയിലാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്'.
ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ടെസ്റ്റ് പൈലറ്റുമായ ശുഭാംശു ശുക്ല വിസ്മയകരമായ ബഹിരാകാശ അനുഭവങ്ങൾ ഒന്നൊന്നായി പങ്കുവച്ചു. തൈക്കാട് ഗവ. മോഡൽ സ്‌കൂളിലെ കുട്ടികളിൽ അത് ബഹിരാകാശയാത്ര കഴിഞ്ഞെത്തിയ അനുഭൂതിയായി.
റോക്കറ്റ് വിക്ഷേപണത്തിന്റെ ആവേശകരമായ എട്ട് മിനിറ്റുകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. "പൂജ്യം കിലോമീറ്റർ വേഗതയിൽനിന്ന് എട്ട് മിനിറ്റിനുള്ളിൽ 28,500 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കുമ്പോൾ നെഞ്ചിൽ അനുഭവപ്പെടുന്ന മർദം വിവരിക്കാനാകില്ല. ഫൈറ്റർ പൈലറ്റായ എന്റെ മുൻപരിചയംപോലും ഒന്നുമല്ലാതായിപ്പോയി.
ചോദ്യപേപ്പർ കാണുമ്പോൾ എല്ലാം മറന്നുപോകുന്ന കുട്ടിയെപ്പോലെയായിരുന്നു ആ നിമിഷം എന്റെ മനസ്സ്.' അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് എത്തുമ്പോൾ ശരീരം അഞ്ചുമുതൽ ആറു സെന്റീമീറ്റർവരെ ഉയരം വയ്‌ക്കും. തിരികെ ഭൂമിയിലെത്തിയപ്പോൾ ശരീരം നടക്കാനും ഇരിക്കാനും പോലും മറന്നുപോയിരുന്നു. കസേരയിൽ ഇരിക്കാൻ ശ്രമിക്കുമ്പോൾ താഴെ വീഴുമായിരുന്നു.
പേശികൾ പഴയ നിലയിലാകാൻ ഏകദേശം എട്ട് ദിവസത്തോളം കഠിനമായി പരിശ്രമിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ യാത്രയിൽ കേരളത്തിൽ നിന്നുള്ള പ്രാദേശിക വിളകളുടെ വിത്തുകളും കൊണ്ടുപോയിരുന്നു. മൈക്രോ ഗ്രാവിറ്റി വിത്തുകളിൽ എന്ത് മാറ്റമുണ്ടാക്കുന്നു എന്ന് പഠിക്കാനായിരുന്നു. ഈ വിത്തുകൾ ഇപ്പോൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും അടുത്ത അഞ്ച് തലമുറകളോളം ഇവ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ആകാശം അതിരല്ല, 2040-ൽ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ ആ ദൗത്യത്തിന്റെ ഭാഗമാകാൻ ഈ ക്ലാസ് മുറികളിലിരിക്കുന്നവർക്ക് സാധിക്കണം. സിനിമകളിൽ കാണുന്നതുപോലെയല്ല ബഹിരാകാശ യാത്രയെന്നും പുറത്തുനിന്ന് നോക്കുമ്പോൾ ഈ ഭൂമി മുഴുവൻ നമ്മുടെ വീടാണെന്ന വലിയ പാഠമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments